ഇനിയും ദുർഗാവാഹിനി പഥ സഞ്ചലനങ്ങൾ സംഘടിപ്പിക്കും; പെൺകുട്ടികൾക്കെതിരെ ചുമത്തിയത് കള്ളക്കേസെന്ന് വിഎച്ച്പി

0
76

നെയ്യാറ്റിൻകരയിൽ നടന്ന വിഎച് പിയുടെ വിഭാഗമായ ദുർഗാ വാഹിനി പഥസഞ്ചലനത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്കെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസെന്ന് വിശ്വഹിന്ദു പരിഷത്ത് . പോലീസിന്റെ കൂടി സാന്നിധ്യത്തിൽ നടന്ന പഥസഞ്ചലനത്തിൽ വാളിന്റെ ഡമ്മിയാണ് കുട്ടികൾ ഉപയോഗിച്ചതെന്ന് സംഘടനയുടെ സംസ്ഥാന നേതൃത്വം പറഞ്ഞു.
നേരത്തെ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുട്ടിയെ ഉപയോഗിച്ച് നടത്തിയ കൊലവിളി മുദ്രാവാക്യ കേസിന് തുല്യമാക്കാൻ വേണ്ടിയാണ് ദുർഗാവാഹിനിക്കാർക്കെതിരെ ഇപ്പോൾ പോലീസ്‌ വ്യാജ കേസ് എടുത്തിരിക്കുന്നതെന്നും വിഎച്ച്പി ആരോപിച്ചു.
പെൺകുട്ടികളെ മറയ്ക്കുള്ളിൽ അടിച്ചമർത്തി വളർത്തുന്ന വിഭാഗങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്ന പെൺകുട്ടികൾക്കെതിരെ കള്ളക്കേസ് എടുക്കുകയാണ്. ന്യൂനപക്ഷ വോട്ടും കയ്യടിയും നേടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നും വിഎച്ച്പി കുറ്റപ്പെടുത്തി.
എൺപതിലധികം വിദേശ രാഷ്ട്രങ്ങളിലും നിത്യയുടെ വിവിധ ഭാഗങ്ങളിലും ഇത്തരം പരിപാടികൾ ദുർഗാ വാഹിനി പതിറ്റാണ്ടുകളായി സംഘടിപ്പിക്കാറുണ്ടെന്നും വിഎച്ച്പി വ്യക്തമാക്കി. ശരിക്കുള്ള ആയുധം ഉപയോഗിച്ചാണ് പഥസഞ്ചലനം നടത്തിയതെങ്കിൽ പഥ സഞ്ചലനത്തിന് അകമ്പടി സേവിച്ച കേരളാ പോലീസിന് അന്ന് സ്വമേധയാ കേസ് എടുക്കാമായിരുന്നു.
പക്ഷെ ഇപ്പോൾ ആഴ്ചകൾക്ക് ശേഷം ‘മതേതരത്വം’ കാണിക്കാൻ വേണ്ടി എടുത്ത വ്യാജ കേസിനെതിരെ ശക്തമായ നിയമ നടപടികളും സമരപരിപാടികളും സംഘടിപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും അറിയിച്ചു.
ലൗ ജിഹാദ് പ്രവർത്തകരേയും രാഷ്ട്ര വിരുദ്ധ ശക്തികളെയും നേരിടാൻ ഇനിയും ഇത്തരം പഥ സഞ്ചലനങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിക്കും. കേരളത്തിൽ ലഷ്ക്കർ തോയിബാ പോലുള്ള സംഘടനകളെ കൂട്ടുപിടിച്ച് കലാപം സംഘടിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളെ വളർത്താൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും വിഎച്ച് പി സംസ്ഥാന നേതൃത്വം ആരോപിച്ചു.