ബസ്സുകളുടെ മത്സരയോട്ടം; വീട്ടിലേക്ക് സ്വകാര്യ ബസ്സ് ഇടിച്ചുകയറി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
100

കൊല്ലം: മത്സരയോട്ടത്തിനിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൃക്കടവൂരിൽ നീരാവിൽ ഇസ്മായിലിന്റെ മകൻ നൗഫലാണ്(24) മരിച്ചത്. അപകടത്തിൽ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളടക്കം നിരവധിപേർക്ക് പരിക്കേറ്റു. കൊല്ലം തേനി ദേശീയ പാതയിൽ കുഴിയം കാപ്പെക്‌സിന് എതിർവശത്താണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട ബസ്സ് രണ്ടു വീടുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആദ്യവീടിന്റെ മുറ്റത്തേക്ക് കയറിയ ബസ്സ് തൊട്ടടുത്ത വീടിന്റെ മതിലും തകർത്താണ് ഇടിച്ചു നിന്നത്. ഇതിനിടെയാണ് റോഡിലൂടെ വരികയായിരുന്ന ബൈക്ക് യാത്രികൻ മരണപ്പെട്ടത്. സമയം ലാഭിക്കാനായി പുറകേ വരികയായിരുന്ന ബസ്സുമായി മത്സരിക്കുന്നതിനിടെയാണ് മുന്നേ പോയ ബസ്സ് നിയന്ത്രണം വിട്ടത്. നന്ദനത്തിൽ നന്ദകുമാർ പിള്ളയുടേയും രഞ്ജിത് നിവാസിൽ രഞ്ജിത്തിന്റേയും വീടു കളുടെ മതിലും തകർത്താണ് ബസ്സ് നിന്നത്. ഇടിയുടെ ആഘാതത്തിൽ വട്ടംകറങ്ങിയ ബസ്സാണ് ബൈക്ക് യാത്രക്കാരനായ നൗഫലിനെ ഇടിച്ചു തെറിപ്പിച്ചത്.

കുണ്ടറയിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്ക് പോവുകയായിരുന്ന നൗഫലാണ് മരണപ്പെട്ടത്. അപകടത്തിൽ ബസ്സിന് മുന്നിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന മുളവന സ്വദേശിനിയായ യുവതി ചില്ല് തകർന്ന് റോഡിലേക്ക് വീണെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. മറ്റുള്ള വരെല്ലാം ബസ്സിനകത്ത് തെറിച്ചു വീണും മുന്നിലെ കന്പികളിലിടിച്ചും പരിക്കേറ്റു. പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെയെല്ലാം ആശുപത്രികളിലെത്തിച്ചത്.