ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് താമസിയാതെ എത്തും

0
54

ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് താമസിയാതെ പുറത്തിറക്കിയേക്കും. റിയാലിറ്റി ഒഎസ് എന്ന പേരില്‍ യുഎസ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ട്രേഡ്മാര്‍ക്കുകളെ അടിസ്ഥാനമാക്കിയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ആപ്പിള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്ന വിര്‍ച്വല്‍ റിയാലിറ്റി/ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റിന് റിയാലിറ്റി ഓഎസ് എന്ന പേരില്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദി വെര്‍ജിലെ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് മാനേജരായ പാര്‍ക്കര്‍ ഓര്‍ടോലാനിയാണ് റിയാലിറ്റി ഒഎസ് എന്ന പേരില്‍ ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തതായി ആദ്യം കണ്ടെത്തിയത്.

സോഫ്റ്റ്‌വെയര്‍, അനുബന്ധ ഉപകരണങ്ങള്‍, വെയറബിള്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് റിയാലിറ്റി ഓഎസ് ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റിയാലിറ്റ്യോ സിസ്റ്റംസ് എല്‍എല്‍സി എന്ന അജ്ഞാതമായൊരു കമ്പനിയുടെ പേരിലാണിത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമ്പനിയുടെ പേരിലാകട്ടെ ആകെ ഈ രണ്ട് ട്രേഡ് മാര്‍ക്കുകള്‍ മാത്രമേയുള്ളൂ. കമ്പനിയുടെ മറ്റുവിവരങ്ങളൊന്നും ലഭ്യവുമല്ല.

പുതിയ ഉത്പന്നം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെക്കാന്‍ ഇത് ആപ്പിള്‍ രൂപം നല്‍കിയ ഒരു ഷെല്‍ കമ്പനിയായിരികാം എന്നാണ് ഓര്‍ടോലാനി പറയുന്നത്. നേരത്തെ ഗിറ്റ് ഹബ്ബിന്റെ ഓപ്പണ്‍ സോഴ്‌സ് കോഡില്‍ നിന്നും ആപ്പ് സ്റ്റോര്‍ അപ്പ്‌ലോഡ് ലോഗ്‌സില്‍ നിന്നും റിയാലിറ്റി ഓസ് സംബന്ധിച്ച സൂചനകള്‍ ലഭിച്ചിരുന്നു.

ആപ്പിളിന്റെ ഹെഡ്‌സെറ്റിന് വേണ്ടി പ്രത്യേകം ആര്‍ഒഎസ് (rOS) നിലവിലുണ്ടെന്ന് 2017-ല്‍ ബ്ലൂം ബെര്‍ഗ് ആണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ബോര്‍ഡ് അംഗങ്ങള്‍ക്ക് മുമ്പില്‍ ആ ഹെഡ്‌സെറ്റ് ആപ്പിള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അമിതമായി ചൂടാകുന്നത് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ 2023 വരെ ഹെഡ്‌സെറ്റ് പുറത്തിറക്കുന്നത് വൈകുമെന്നാണ് ബ്ലൂം ബെര്‍ഗ് നല്‍കുന്ന പുതിയ റിപ്പോര്‍ട്ട് പറയുന്നത്.

ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍കോണ്‍ഫറന്‍സില്‍ ഈ ഹെഡ്‌സെറ്റ് കമ്പനി പ്രദര്‍ശിപ്പിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ ഹെഡ്‌സെറ്റ് വരുന്നതിന് മുമ്പ് റിയാലിറ്റി ഓഎസ് ഡവലപ്പര്‍മാര്‍ക്ക് ലഭ്യമാക്കേണ്ടതാണ്.

2017-ല്‍ വിആര്‍വന(VRvana) എന്നൊരു വിര്‍ച്വല്‍ റിയാലിറ്റി കമ്പനിയെ ആപ്പിള്‍ ഏറ്റെടുത്തിരുന്നു. 2022-ല്‍ ഹെഡ്‌സെറ്റ് പുറത്തിറക്കുമെന്നായിരുന്നു ഇതുവരെയുള്ള സൂചന. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാവുമോ എന്ന് ഉറപ്പില്ല.