കൊച്ചിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കത്തിമുനയിൽ നിർത്തി പണം കവര്‍ന്നു

0
79

കൊച്ചി: എറണാകുളത്ത് നഗരഹൃദയത്തിലെ പെട്രോൾ പന്പിൽ ജീവനക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം. കഴിഞ്ഞ ദിവസം രാത്രി പമ്പിലെ ജീവനക്കാരന്‍റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയ അക്രമി അയ്യായിരം രൂപ തട്ടിയെടുത്തു. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊച്ചി ടൗൺഹാളിന് തൊട്ടടുത്ത് തിരക്കുള്ള റോഡിലെ പെട്രോൾ പമ്പിലായിരുന്നു നഗരത്തെ ഞെട്ടിച്ച മോഷണം.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ പെട്രോള്‍ പമ്പ് അടച്ചതിന് പിന്നാലെ എഞ്ചിൻ ഓയിൽ ചോദിച്ച് ഹെൽമറ്റ് ധരിച്ച ഒരാളെത്തി. ജീവനക്കാരൻ ഓയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ വന്നയാൾ അതുപോലെ മടങ്ങിപ്പോയി. കുറച്ച് സമയത്തിന് ശേഷം മറ്റൊരാളെയും കൂട്ടി വീണ്ടും പമ്പിലെത്തി പണം തട്ടുകയായിരുന്നു. ജീവനക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന അയ്യായിരം രൂപ മാത്രമാണ് അക്രമികൾക്ക് കിട്ടിയത്. പമ്പടച്ചതിനാൽ ഒരു ജീവനക്കാരൻ മാത്രമാണ് രാത്രി പമ്പിലുണ്ടായിരുന്നത്.

പെട്രോള്‍ പമ്പിലെ ലോക്കറിൽ ഞായറാഴ്ചത്തെ കളക്ഷൻ സൂക്ഷിച്ചിരുന്നു. ഭീഷണിക്കിടയിലും ജീവനക്കാരൻ ഇത് വെളിവെടുത്താതിരുന്നതിനാൽ അക്രമികൾക്ക് കൂടുതൽ പണം കണ്ടെത്താനായില്ല. അക്രമികളിലൊരാൾ പണം തട്ടുമ്പോൾ കൂടെയുണ്ടായിരുന്നയാൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് നിർത്തിയിരിക്കുകയായിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലാണ് അക്രമികളെത്തിയത്. പരാതിയിൽ കേസെടുത്ത പൊലീസ് നഗരത്തിലെ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.