ആശുപത്രിയിലെ ലിഫ്റ്റില്‍ അരമണിക്കൂറോളം രോഗി കുടുങ്ങി

0
69

പത്തനംതിട്ട: ആശുപത്രിയിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങി. പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിലെ സബിത കണ്ണ് ആശുപത്രിയിലെ ലിഫ്റ്റിലാണ് ചിറ്റാർ സ്വദേശി മറിയാമ്മ (65) കുടുങ്ങിയത്. അരമണിക്കൂറോളം അകത്ത് കുടുങ്ങി കിടന്ന മറിയാമ്മയെ അഗ്നിശമന സേനയെത്തി പുറത്തെടുക്കുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മറിയാമ്മയെ മാറ്റി. 
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മൂന്നാമത്തെ നിലയില്‍ നിന്ന് ഡോക്ടറെ കണ്ടശേഷം ആശുപത്രിയിലെ ജീവനക്കാരിക്കൊപ്പം താഴത്തെ നിലയിലേക്ക് മറിയാമ്മ ലിഫ്റ്റിലെത്തി. ജീവനക്കാരി മറിയാമ്മയെ കൈ പിടിച്ച് ഇറക്കുന്നതിനിടെ ഒരുകാല് ലിഫ്റ്റിന്‍റെ ഇടയക്ക് കുരുങ്ങുകയായിരുന്നു. ലിഫ്റ്റ് താഴേക്ക് പോവുകയും ചെയ്തു. ഇതിന് പിന്നാലെ അഗ്നിശമനസേനാ ജീവനക്കാര്‍ അരമണിക്കൂറോളം എടുത്താണ് മറിയാമ്മയെ പുറത്തേക്ക് എത്തിച്ചത്.