ഫേസ്ബുക്ക് ജന്മം കൊണ്ടത് ഇവിടെ; ഒടുവിൽ ആ വീട് വില്പനയ്ക്ക്

0
76

ഫേസ്ബുക്കിന്റെ വരവ് സമൂഹമാധ്യമങ്ങളിലേക്ക് ആളുകളെ അടുപ്പിക്കുന്നതിൽ വലിയൊരു പങ്ക് തന്നെ വഹിച്ചിട്ടുണ്ട്. അതിനുശേഷം നിരവധി മാധ്യമങ്ങൾ വേറെയും വന്നെങ്കിലും പലരുടെയും തുടക്കം ഫേസ്ബുക്കിൽ നിന്നായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഫേസ്ബുക്ക് ജന്മം കൊണ്ട വീട് വില്പനയ്ക്ക് എന്ന വാർത്തയാണ്.

ഫെയ്‌സ്ബുക് ഡെവലപ് ചെയ്യുന്നതിനുള്ള ഓഫിസായി മാര്‍ക്ക് സക്കര്‍ബര്‍ഗും ടീമും തിരഞ്ഞെടുത്ത കലിഫോര്‍ണിയ സിലിക്കണ്‍ വാലിയിലുള്ള വീടാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. നിലവിലെ മാർക്കറ്റ് വില അനുസരിച്ച് 5.3 മില്യണ്‍ ഡോളറാണ് വീടിന്റെ വില. 1998 ലാണ് വീട് പണി കഴിപ്പിച്ചത്. ഈ വീട്ടിലെ ആദ്യത്തെ വാടകക്കാരും സക്കര്‍ബര്‍ഗും ടീമുമാണ്. 2004ല്‍ തന്റെ പത്തൊമ്പതാം വയസിലാണ് സക്കർബർഗ് ഈ വീട് ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വാടകയ്ക്ക് എടുത്തത്.

ഫെയ്‌സ്ബുക്കിന്റെ മറ്റ് ഫൗണ്ടര്‍മാരായ ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സും ഷോണ്‍ പാര്‍ക്കറും മാര്‍ക്കും ഒന്നിച്ചാണ് വീട് നോക്കാനെത്തിയതെന്ന് വീടിന്റെ ഉടമസ്ഥയായ ജൂഡി ഫസ്‌കോ പറയുന്നു. തങ്ങള്‍ ലോകമെങ്ങുമുള്ള ആളുകളെ കണക്ട് ചെയ്യാന്‍ പുതിയൊരു ശ്രമത്തിലാണെന്നും ഫെയ്‌സ്ബുക് എന്ന അത്തരമൊരു കമ്പനിയുടെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് വീടെന്നും അവര്‍ അന്ന് പറഞ്ഞതും ഉടമ ഓർക്കുന്നു.

ആറ് ബെഡ്‌റൂമുകളുള്ള ഈ വീട്ടിൽ ഇന്റേണ്‍ഷിപ്പിന് മാത്രമായി പത്തോളം ആളുകള്‍ ഉണ്ടായിരുന്നു. അന്ന് ബങ്ക് ബെഡിലും നിലത്തുമൊക്കെ കിടന്നാണ് ഇവര്‍ ജോലി ചെയ്തിരുന്നതെന്ന് ഉടമ പറയുന്നു. ഒരു വര്‍ഷത്തോളം സക്കർബർഗും ടീമും ഈ വീട്ടിൽ താമസിച്ചു. പിന്നീട് അലര്‍ജി മൂലം കൂടെ ഉണ്ടായിരുന്ന പാര്‍ക്കര്‍ ആണ് ആദ്യം വീട്ടില്‍ നിന്ന് മാറുന്നത്. തുടര്‍ന്ന് മറ്റുള്ളവരും മാറുകയായിരിക്കുന്നു.