നടിയെ ആക്രമിച്ച കേസില്‍ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് നല്‍കില്ല

0
62

നടിയെ ആക്രമിച്ച കേസില്‍ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് നല്‍കില്ല. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാകും വിചാരണക്കോടതിയില്‍ നല്‍കുക. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിക്കും. ഈ മാസം 31നകം അന്വേഷണം പൂര്‍ത്തിയാക്കി റിര്‍പ്പോര്‍ട്ട് നല്‍കാനായിരുന്നു കോടതി നല്‍കിയിരുന്ന നിര്‍ദേശം. സാവകാശം തേടിയുള്ള ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും ( No additional chargesheet filed today ).
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സാവകാശം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ പശ്ചാത്തലത്തിലാണ് കുറ്റപത്രം നല്‍കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പുതിയ നിര്‍ണായക തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിക്കും. കേസില്‍ ഈ മാസം 31ന് കുറ്റപത്രം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ക്രൈംബ്രാഞ്ച് നല്‍കിയ പുതിയ ഹര്‍ജി ഹൈക്കോടതി എന്ന് പരിഗണിക്കുമെന്ന് വ്യക്തമായിട്ടില്ല.

വിചാരണക്കോടതിയ്ക്ക് എതിരെ ഗുരുതരമായ ആക്ഷേപം ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് ചോര്‍ന്നുവെന്ന കണ്ടെത്തലില്‍ അന്വേഷണം വേണ്ടെന്ന് വച്ചത് കേട്ടുകേള്‍വി ഇല്ലാത്തതെന്നാന്ന് അന്വേഷണ സംഘത്തിന്റെ നിലപാട്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്നതിന് തെളിവ് ലഭിച്ചെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. അനൂപിന്റെ മൊബൈല്‍ ഫോണുകളുടെ പരിശോധനയിലാണ് തെളിവ് കിട്ടിയതെന്നും ഈ സാഹചര്യത്തില്‍ സൈബര്‍ രേഖകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണമെന്നമുള്ള നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഇതിനിടെ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും നാളെ വിചാരണക്കോടതിയുടെ പരിഗണനയ്ക്ക് വരും.