ശ്രീലങ്കയില്‍ നിന്നുള്ള ദീര്‍ഘദൂര വിമാന സര്‍വീസുകള്‍ ഇന്ധനം അടിക്കുന്നത് തിരുവനന്തപുരത്ത്

0
112

തിരുവനന്തപുരം: ശ്രീലങ്കയില്‍ നിന്നുള്ള ദീര്‍ഘദൂര വിമാന സര്‍വീസുകള്‍ ഇന്ധനം അടിക്കുന്നത് തിരുവനന്തപുരത്ത്.
ശ്രീലങ്കയിലെ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതാണ് ഇതിന് കാരണം. സാമ്ബത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ധനക്ഷാമവും വിലക്കയറ്റവും ഉണ്ടായതോടെയാണു ശ്രീലങ്കയിലെ വിമാനങ്ങള്‍ ഏറ്റവും അടുത്തുള്ള രാജ്യാന്തര വിമാനത്താവളം എന്ന നിലയില്‍ തിരുവനന്തപുരത്തെത്തി ഇന്ധനം നിറയ്ക്കുന്നത്. ഇത് വിമാനത്താവളത്തിന് സാമ്ബത്തിക നേട്ടമായി മാറും. നികുതിയായ സര്‍ക്കാരുകള്‍ക്കും വരുമാന വര്‍ദ്ധനവുണ്ടാകും.

കൊളംബോയില്‍ നിന്ന് ഓസ്‌ട്രേലിയയിലെ മെല്‍ബണിലേക്കു സര്‍വീസ് നടത്തുന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 330 വിമാനമാണ് ഇന്ധനം നിറയ്ക്കാന്‍ ഇന്നലെ തിുവനന്തപുരത്ത് ഇറങ്ങിയത്. കൊളംബോയില്‍ നിന്നു ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള എയര്‍ബസും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് ഇന്ധനം നിറച്ചിരുന്നു.

ജൂണ്‍ 1, 2 തീയതികളിലായി മെല്‍ബണിലേക്കും ഫ്രാങ്ക്ഫര്‍ട്ടിലേക്കും സര്‍വീസ് നടത്തുന്ന നാലു വിമാനങ്ങള്‍ കൂടി തിരുവനന്തപുരത്തു നിന്ന് ഇന്ധനം നിറയ്ക്കും. ഇന്ധനക്ഷാമം രൂക്ഷമായതോടെ ശ്രീലങ്കയില്‍ നിന്നു പല രാജ്യാന്തര വിമാന സര്‍വീസുകളും നിര്‍ത്തലാക്കിയെങ്കിലും ലാഭകരമായ സര്‍വീസ് എന്ന നിലയിലാണു മെല്‍ബണിലേക്കും ഫ്രാങ്ക്ഫര്‍ട്ടിലേക്കുമുള്ളതു തുടരുന്നത്.

ചെന്നൈ വിമാനത്താവളത്തെ അപേക്ഷിച്ചു കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭിക്കുമെന്നതും ദൂരം കുറവാണെന്നതുമാണു തിരുവനന്തപുരത്തേക്കു ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ ആകര്‍ഷിച്ചത്. തിരുവനന്തപുരത്തു നിന്നു സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കു നല്‍കുന്ന അതേ നിരക്കിലാണ് ഇവര്‍ക്കും ഇന്ധനം നല്‍കുന്നത്. നിലവില്‍ ഭാരത് പെട്രോളിയവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമാണ് ഇവിടെ ഇന്ധന വിതരണം നടത്തുന്നത്. ഇന്ധനം നിറയ്ക്കാന്‍ വിമാനം എത്തുമ്ബോള്‍ വിമാനത്താവള നടത്തിപ്പുകാരായ അദാനിക്കും കോളടിക്കും. വിമാനം പാര്‍ക്ക് ചെയ്യുന്നതിലൂടേയും ലാന്‍ഡ് ചെയ്യുന്നതിലൂടേയും വാടക ഇനത്തില്‍ അവര്‍ക്കും ലാഭം കിട്ടും.

അധിക വരുമാനം കണ്ടെത്താന്‍ രാജ്യാന്തര വിമാനങ്ങളുടെ ഇന്ധന സ്റ്റേഷനായി തിരുവനന്തപുരം വിമാനത്താവളത്തെ മാറ്റണമെന്ന നിര്‍ദ്ദേശം നേരത്തേ തന്നെ കേന്ദ്രത്തിനു മുന്നിലുണ്ട്. ഇതിനു രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകള്‍ ആവശ്യമാണ്. ഈ ചര്‍ച്ചകളില്‍ നിര്‍ണ്ണായകമാണ് ശ്രീലങ്കന്‍ വിമാന കമ്ബനികളുടെ വരവ്. ശ്രീലങ്ക അതിരൂക്ഷ സാമ്ബത്തിക പ്രതിസന്ധിയിലാണ്. ഇത് മനസ്സിലാക്കിയാണ് ഇന്ത്യ ഇടപെടലുകള്‍ നടത്തുന്നത്.

സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് ഇപ്പോള്‍ എന്തിനും ഏതിനും സഹായം അഭ്യര്‍ത്ഥിക്കാന്‍ ഇന്ത്യ മാത്രമാണ് തൊട്ടുമുന്‍പിലുള്ളത്. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് കഴിക്കാന്‍ അരി മുതല്‍ വാഹനങ്ങളില്‍ നിറക്കാനുള്ള പെട്രോളും, മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണയുമെല്ലാം ഇന്ത്യയാണ് നല്‍കുന്നത്. വിമാനത്തില്‍ എണ്ണ നിറയ്ക്കാനും കേന്ദ്രം സൗകര്യമൊരുക്കുന്നു. ഇതാണ് തിരുവനന്തപുരത്തേക്കുള്ള വിമാനങ്ങളുടെ വരവിന് കാരണം.

അവശ്യ ചരക്കുകള്‍ക്കും ഇന്ധനത്തിനും വായ്പയായിട്ടാണ് ഇന്ത്യ പണം അനുവദിക്കുന്നത്. ഇത്തരത്തില്‍ അനുവദിക്കുന്ന വായ്പകള്‍ തങ്ങള്‍ പ്രതിസന്ധി തരണം ചെയ്യുന്നത് വരെ തുടരണമെന്നാണ് ശ്രീലങ്ക ഇപ്പോള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര നാണയ നിധിയുമായി സഹായത്തിനായുള്ള ചര്‍ച്ചകള്‍ തുടരുന്ന ശ്രീലങ്ക ഈ സഹായം ലഭിക്കുന്നത് വരെ ഇന്ത്യ തങ്ങളെ പരിഗണിക്കുന്നത് തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.