സമാന്തരസര്‍വീസുകള്‍ യാത്രക്കാരെ കുത്തിനിറച്ച് ‘ കൊണ്ടുപോകുന്നതുവഴി കെ.എസ്.ആര്‍.ടി.സി. ക്ക് വന്‍ വരുമാനച്ചോര്‍ച്ച

0
75

കൊല്ലം: സമാന്തരസര്‍വീസുകള്‍ യാത്രക്കാരെ ‘കുത്തിനിറച്ച്’ കൊണ്ടുപോകുന്നതുവഴി കെ.എസ്.ആര്‍.ടി.സി. ക്ക് വന്‍ വരുമാനച്ചോര്‍ച്ച. പരിശോധന നിലച്ചതിനാല്‍ സമാന്തര സര്‍വീസുകള്‍ വ്യാപകമായിട്ടുണ്ട്. ഇതുമൂലം പ്രതിദിനം 60 ലക്ഷം രൂപയുടെ വരുമാനനഷ്ടമുണ്ടാകുന്നെന്നാണ് കെ.എസ്.ആര്‍.ടി.സി. കണക്കാക്കുന്നത്.
സമാന്തരസര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ എണ്ണത്തിന്റെയും ശരാശരി വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് കെ.എസ്.ആര്‍.ടി.സി. നഷ്ടം കണക്കാക്കിയത്. സംസ്ഥാനത്താകെ 1200 വാഹനങ്ങള്‍ സമാന്തര സര്‍വീസ് നടത്തുന്നുണ്ടെന്നും ഒരോന്നും ശരാശരി 5,000 രൂപ വരുമാനമുണ്ടാക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം നേരത്തേ മാനേജ്മെന്റിനു കൈമാറിയിരുന്നു.
സമാന്തര സര്‍വീസുകളെ നിയന്ത്രിക്കുന്നതിനായി 2010-ല്‍ കെ.എസ്.ആര്‍.ടി.സി.യും മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്ന് ഏഴ് പരിശോധനാ സ്‌ക്വാഡുകള്‍ രൂപവത്കരിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കുപുറമേ ഒരു എ.എം.വി.ഐ.യും അഞ്ചുപോലീസുകാരും അടങ്ങുന്നതായിരുന്നു ഓരോ സ്‌ക്വാഡും. ഇവരുടെ പരിശോധന ശക്തമായതോടെ സമാന്തര വാഹനങ്ങള്‍ കുറയുകയും കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനം ഉയരുകയും ചെയ്തു. കോവിഡ് കാലത്ത് പിരിച്ചുവിട്ട സ്‌ക്വാഡുകള്‍ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. മുന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി സ്‌ക്വാഡ് പുനരാരംഭിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കത്തുനല്‍കിയെങ്കിലും രാഷ്ട്രീയ സമ്മര്‍ദം കാരണം ആരംഭിച്ചില്ലെന്നാണ് വിവരം.