ബീജിംഗിൽ കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ ക്വാറന്‍റൈന്‍ ലംഘിച്ചത് മൂലം ഏകദേശം അയ്യായിരത്തോളം പേര്‍ നിരീക്ഷണത്തിലായി

0
214

ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ ക്വാറന്‍റൈന്‍ ലംഘിച്ചത് മൂലം ഏകദേശം അയ്യായിരത്തോളം പേര്‍ നിരീക്ഷണത്തിലായി. ഒരു രോഗി ക്വാറന്‍റൈന്‍ നിയമങ്ങള്‍ ലംഘിച്ചതുകൊണ്ട് സമ്പര്‍ക്കത്തിലുള്ളവര്‍ വീടുകളിൽ തന്നെ തുടരണമെന്ന് അധികൃതര്‍ നിര്‍ദേശം നൽകുകയായിരുന്നു.
കോവിഡ് രോഗിയായ ഇയാള്‍ ഒരു ഷോപ്പിംഗ് സെന്‍റര്‍ സന്ദര്‍ശിച്ചതാണ് അധികൃതരെ വലച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇയാള്‍ ഷോപ്പിംഗ് സെന്‍ററില്‍ പോയത്. ”ക്വാറന്‍റൈന്‍ കാലയളവില്‍ യുവാവ് പലതവണ വീട്ടില്‍ നിന്നും പുറത്തുപോവുകയും അയല്‍വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു” ബെയ്ജിംഗ് പബ്ലിക് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പാൻ സൂഹോംഗ് പറഞ്ഞു. പിന്നാലെ ഇദ്ദേഹത്തിന്‍റെ ഭാര്യക്കും വൈറസ് സ്ഥിരീകരിച്ചു. ഇതോടുകൂടി 5,000 പേരോട് വീട്ടില്‍ തന്നെ കഴിയാനും 250 ആളുകളോട് സര്‍ക്കാര്‍ ക്വാറന്‍റൈന്‍ സെന്‍ററില്‍ കഴിയാനും അധികൃതര്‍ നിര്‍ദേശിച്ചു.
ഇതോടൊപ്പം തന്നെ നിയമം ലംഘിച്ചതിന് യുവാവ് കടുത്ത ശിക്ഷ നേരിടേണ്ടി വരും. സംഭവം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ആഴ്ചകളായി കര്‍ശന നിയന്ത്രണമാണ് ചൈനയില്‍ നടപ്പിലാക്കിയിരുന്നത്.