സിദ്ദു മൂസൈവാലയുടെ സുരക്ഷ പിൻവലിച്ച നടപടിക്കെതിരെ കോൺ​ഗ്രസ് കോടതിയിലേക്ക്

0
65

ദില്ലി : പഞ്ചാബി ഗായകനും (punjabi singer)കോൺഗ്രസ് നേതാവുമായ (congress leader)സിദ്ദു മൂസൈവാലയുടെ(sidhu musaiwala) കൊലപാതകവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് കോടതിയിലേക്ക്(court). സിദ്ദു മൂസൈവാലയുടെ സുരക്ഷ പിൻവലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
ഇതിനിടെ മൂസൈവാലയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പഞ്ചാബ് പൊലീസ്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പൊലീസ് കണ്ടെടുത്തു. കൊലപാതകവുമായി ബന്ധമുള്ള ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന. ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്വം ഏറ്റെടുത്തെന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിൽ എഎപി സർക്കാരിനെ കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം. സംഭവത്തിന് ഉത്തരവാദി ഭഗവന്ത് മാനാണെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും പഞ്ചാബ് പിസിസി അധ്യക്ഷൻ പ്രതികരിച്ചു. അധിക സുരക്ഷ മാറ്റിയെങ്കിലും ഒപ്പം നൽകിയിരുന്ന രണ്ട് ഗൺമാൻമാരെ കൂട്ടാതെയാണ് മൂസൈവാല സഞ്ചരിച്ചതെന്ന വിശദീകരണമാണ് പൊലീസ് നൽകുന്നത്
പഞ്ചാബ് മാന്‍സയിലെ  ജവഹര്‍കേയിലെയിൽ വച്ച് ഇന്നലെയായിരുന്നു കൊലപാതകം. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ്  മൂസേവാല വെടിയേറ്റ് മരിക്കുന്നത്. മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയാണ് ആക്രമണം. കാറിന് നേരെ മുപ്പത് റൌണ്ടാണ് ആക്രമികൾ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിക്കും മുൻപേ മൂസേവാല മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. 28 കാരനായ  മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.
പഞ്ചാബില്‍ സിദ്ദു ഉള്‍പ്പടെ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിനു പിന്നാലെ നടന്ന സംഭവത്തിൽ എഎപി സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം രംഗത്ത് എത്തി. മരണത്തിന് ഉത്തരവാദി ആംആദ്മി സർക്കാരെന്ന് കോൺഗ്രസ് പ്രതികരിച്ചു. എഎപി പഞ്ചാബിനെ നശിപ്പിച്ചെന്ന് ബിജെപി കുറ്റപ്പെടുത്തി. പഞ്ചാബിൽ ക്രമസമാധാനം തകർന്നെന്ന് ക്യാപ്റ്റൻ അമരീന്ദ്ര സിങ്ങ് പറഞ്ഞു. സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന് അകാലിദൾ ആഞ്ഞടിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. കുറ്റക്കാരെ ഉടൻ പിടികൂടുമെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു. ഗ്യാങ്ങ് വാറാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. തന്‍റെ പാട്ടുകളിലൂടെ തോക്കിനെയും അക്രമത്തെയും മഹത്വവല്‍ക്കരിച്ചു എന്നാരോപിച്ച് സിദ്ദു  മൂസേവാലയ്ക്ക് എതിരെ കേസുകള്‍ നിലവിലുണ്ട്. വധ ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ച് സുരക്ഷ പിൻവലിക്കാൻ സർക്കാർ എടുത്ത് തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.