സ്‌ഫോടനം, ആദ്യ ആക്രമണം കൊച്ചിയിൽ; മെട്രോ ട്രെയിനിന് മുകളിൽ ഭീഷണി സന്ദേശം; എഴുതിയത് രാത്രിയുടെ മറവിൽ; രാജ്യദ്രോഹത്തിന് കേസ് എടുത്ത് പോലീസ്

0
115

എറണാകുളം: കൊച്ചി മെട്രോ ട്രെയിനിന് മുകളിൽ ഭീഷണി സന്ദേശം എഴുതിയ സംഭവത്തിൽ ദുരൂഹത. രാജ്യവിരുദ്ധ ശക്തികളാണ് സംഭവത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം പോലീസ് തുടരുകയാണ്. അതേസമയം ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അന്വേഷണ സംഘവും മെട്രോ അധികൃതരും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഈ മാസം 22 നാണ് മെട്രോ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് പുറത്ത് ഭീഷണി സന്ദേശം എഴുതിയത്.

പമ്പ എന്ന ട്രെയിനിന് പുറത്തായിരുന്നു ഭീഷണി സന്ദേശം എഴുതിയിരുന്നത്. സ്ഫോടനം ആദ്യ ആക്രമണം കൊച്ചിയിൽ എന്നായിരുന്നു പെയിന്റ്കൊണ്ട് എഴുതിയിരുന്നത്. സുരക്ഷിത മേഖലയായ യാർഡിൽ എങ്ങിനെ കടന്നുകയറി ഇത്തരത്തിലൊരു സന്ദേശം എഴുതി എന്നതാണ് ദുരൂഹത ഉയർത്തുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെയോ ക്യാമറകളുടെയോ കണ്ണിൽപ്പെടാതെയാണ് ട്രെയിനിന് മുകളിൽ സന്ദേശം എഴുതിയിരിക്കുന്നത്. സംഭവ ശേഷം സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഇങ്ങനെയൊരാൾ യാർഡിൽ എത്തിയതായി വിവരമില്ല. 12 പോലീസുകാരുടെ കണ്ണുവെട്ടിച്ചാണ് യാർഡിൽ എത്തിയിരിക്കുന്നത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

ആലുവ മുട്ടം സ്റ്റേഷനിലും, അമ്പാട്ടുകാവിനും ഇടയിലാണ് മെട്രോ യാർഡ്. ഇതിന് ചുറ്റുമായി 10 അടി ഉയരമുള്ള മതിൽകെട്ടുണ്ട്. ഇതിന് മുകളിൽ കമ്പിവേലിയും ഉണ്ട്. 215 സുരക്ഷാ ഉദ്യോഗസ്ഥരാണ് മെട്രോയ്‌ക്ക് സുരക്ഷ ഒരുക്കുന്നത്. സംഭവത്തിൽ പോലീസ് രാജ്യദ്രോഹത്തിനാണ് കേസ് എടുത്ത് അന്വേഷണം അന്വേഷണം നടത്തുന്നത്. മെട്രോ ജീവനക്കാരുടെ അറിവോടെയോ പങ്കോടെയോ ആണ് കുറ്റവാളി യാർഡിൽ കടന്ന് കൃത്യം നിർവ്വഹിച്ചതെന്ന സംശയവും ശക്തമാണ്. ഇതിൽ മെട്രോ ജീവനക്കാർക്ക് പങ്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. അതേസമയം പമ്പ ട്രെയിനിന്റെ സർവ്വീസ് നിർത്തിവെച്ചിരുന്നു.