തൃക്കാക്കരയ്ക്ക് ആവേശം പകര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം

0
87

കൊച്ചി: തൃക്കാക്കരയ്ക്ക് ആവേശം പകര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. ഞായറാഴ്ച വൈകുന്നേരം ആറ് മണി വരെയാണ് പരസ്യപ്രചാരണത്തിനുള്ള സമയം. അവസാന മണിക്കൂറുകളില്‍ അത്യാവേശത്തിലാണ് മുന്നണി പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും. എട്ട് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
സ്ഥാനാര്‍ഥികളുടെ റോഡ് ഷോയില്‍ നൂറുകണക്കിനുപേർ അണിനിരന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് അവസാന റൗണ്ടിലും പ്രചാരണം കൊഴുപ്പിച്ച് വോട്ടുറപ്പിക്കുകയാണ് സ്ഥാനാര്‍ഥികള്‍. വലിയ ആത്മവിശ്വാസത്തിലാണ് ഇരുപക്ഷത്തെയും സ്ഥാനാര്‍ഥികളുള്ളത്.
നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കുക എന്ന ലക്ഷ്യത്തിലാണ് എല്‍ഡിഎഫ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് നേരിട്ടെത്തിയിട്ടുണ്ട്. ഉറച്ച കോട്ടയായ മണ്ഡലത്തില്‍ പിടി തോമസിന്റെ പിന്തുടര്‍ച്ച ഉറപ്പാക്കാനാണ് യുഡിഎഫ് ശ്രമം. സിനിമാതാരം രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ളവര്‍ ഉമാ തോമസിനൊപ്പം അവസാനഘട്ട പ്രചാരണത്തിനെത്തിയിട്ടുണ്ട്.
പിസി ജോര്‍ജിനെ രംഗത്തിറക്കിയാണ് എന്‍ഡിഎ അവസാന ലാപ്പിലെ പ്രചാരണം കൊഴുപ്പിച്ചത്. തൃക്കാക്കരയില്‍ ഇനി താമരക്കാലമാണെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്.
നാളെ നിശബ്ദ പ്രചാരണത്തിനുള്ള ദിനമാണ്. മെയ് 31നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിങ് നടക്കുക.