തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതി ശാസ്ത്ര പുരോഗതിയെ ജനോപകാരപ്രദമാക്കുന്ന്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ വാര്‍ഷികവും സംസ്ഥാന ശാസ്ത്ര അവാര്‍ഡ് വിതരണവും നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനകീയ മാര്‍ഗങ്ങളിലൂടെ ശാസ്ത്രബോധം വളര്‍ത്തണം. ശാസ്ത്രത്തെ മാനവിക പുരോഗതിക്ക് ഉപയോഗിച്ചുകൊണ്ട് നാടിന്റെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളായ വികസനങ്ങളെ തടയാന്‍ സ്ഥാപിത താത്പര്യക്കാര്‍ ശ്രമിക്കുന്നു, ഇതിനെ തുറന്ന് കാട്ടാന്‍ ശാസ്ത്രജ്ഞര്‍ തന്നെ വേണം. നമ്മുടെ സംസ്ഥാനത്തെ പുരോഗതിയിലെത്തിക്കുന്ന പദ്ധതികളെ ജനകീയമാക്കാന്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ടു വരണം, സില്‍വര്‍ ലൈന്‍ പോലുള്ള വന്‍കിട പദ്ധതികള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം മാനവികതയുടെ ശാസ്ത്രപക്ഷത്താകും നില്‍ക്കുക. ഏകതാനതയുടെ ശാസ്ത്ര വിരുദ്ധത അടിച്ചേല്‍പ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ശാസ്ത്ര ദര്‍ശനങ്ങളില്‍ മതാത്മക കൈ കടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര കണ്ടുപിടുത്തങ്ങളെ മതഗ്രന്ഥത്തില്‍ ഉണ്ടായിരുന്നതാണ് എന്ന് ചിലര്‍ വാദിക്കുന്നു, ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ടാണ് ശാസ്ത്ര പ്രചാരണം നടത്തേണ്ടത്. ശാസ്ത്ര വികസനം മനുഷ്യന് വേണ്ടിയാകണം എന്ന കാഴ്ചപ്പാട് ശക്തമാകുന്ന കാലഘട്ടമാണിത്. ശാസ്ത്രം ശാസ്ത്രത്തിന് വേണ്ടിയോ, അതോ മനുഷ്യരാശിക്ക് വേണ്ടിയോ എന്നതാണ് പ്രധാനമെന്നും നമ്മള്‍ ഇതില്‍ ഏത് പക്ഷത്താണ് നില്‍ക്കുന്നത് എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.