നയൻതാര- വിഘ്‌നേഷ് ശിവൻ വിവാഹം അടുത്ത മാസം; ക്ഷണക്കത്ത് പുറത്ത്

0
95

ചെന്നൈ: ആരാധകരുടെ ആകാംക്ഷയ്‌ക്ക് വിരാമമിട്ട് വിവാഹ തിയതി പ്രഖ്യാപിച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും, സംവിധായകൻ വിഘ്‌നേഷ് ശിവനും. ജൂൺ ഒൻപതിനാണ് ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹത്തിന്റെ ക്ഷണക്കത്തും പുറത്തുവന്നിട്ടുണ്ട്. ഡിജിറ്റൽ ക്ഷണക്കത്താണ് പുറത്തുവന്നിരിക്കുന്നത്.

മോഷൻ പോസ്റ്ററിന്റേതിന് സമാനമായ തരത്തിലാണ് പോസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. മുഴുവൻ പേരിന് പകരം, നയൻ വിക്കി എന്നാണ് ക്ഷണക്കത്തിൽ എഴുതിയിരിക്കുന്നത്. മഹാബലിപുരത്താണ് വിവാഹം നടക്കുക. വൻ താരനിര തന്നെ ഇരുവരും തമ്മിലുള്ള വിവാഹത്തിന് എത്തുമെന്നാണ് വിവരം. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

നേരത്തെ തിരുപ്പതിയിൽവെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് മഹാബലിപുരത്തേക്ക് മാറ്റുകയായിരുന്നു. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്. 2015 ലായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലായത്. കഴിഞ്ഞ വർഷം ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.