സംസ്ഥാനത്ത് കാലവർഷം എത്തി; ഇക്കുറി മൂന്ന് ദിവസം നേരത്തെ; ജൂൺ രണ്ടാംവാരം മുതൽ ശക്തിപ്രാപിക്കും; ജാഗ്രതാ നിർദ്ദേശം

0
48

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തി. സാധാരണത്തേതിലും മൂന്ന് ദിവസം മുൻപാണ് കേരളത്തിൽ കാലവർഷം എത്തിയത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ തെക്കൻ മേഖലകളിലാണ് കാലവർഷം എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർവരെ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പൂർണമായും, തമിഴ്‌നാടിന്റെ തെക്ക് ഭാഗത്തും കാലവർഷം എത്തും.

നേരത്തെ കാലവർഷം എത്തിയെങ്കിലും ആരംഭത്തിൽ ദുർബലമായിരിക്കും. ജൂൺ ആദ്യവാരത്തിന് ശേഷമേ ശക്തി പ്രാപിക്കുകയുള്ളൂവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നേരത്തെ തന്നെ കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ആരംഭിച്ചിരുന്നുവെങ്കിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത് ഇപ്പോഴാണ്. മെയ് 17 ന് ആൻഡമാനിൽ കാലവർഷം എത്തിയിരുന്നു. സാധാരണ ഗതിയിൽ 10 ദിവസത്തിനുള്ളിലാണ് കാലവർഷം കേരളത്തിൽ എത്തുക.

ഈ സാഹചര്യത്തിൽ 27 ന് കാലവർഷം ആരംഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കാറ്റിന്റെ വേഗതയിൽ ഉൾപ്പെടെയുണ്ടായ വ്യതിയാനങ്ങൾ കാലാവസ്ഥയുടെ വേഗം കുറച്ച്. ഇപ്പോൾ 12 ദിവസങ്ങൾക്ക് ശേഷമാണ് കാലവർഷം എത്തിയത്. കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീര മേഖലകളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയത്.