ഇതര സംസ്ഥാന തൊഴിലാളിയുടെ പണം തട്ടിയെടുത്ത് മലദ്വാരത്തിൽ ഒളിപ്പിച്ചു; പ്രതികൾ കോഴിക്കോട് പിടിയിൽ

0
89

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളിയുടെ പണം തട്ടിപ്പറച്ച കേസിൽ മൂന്ന് പേരെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. പുറക്കാട്ടിരി സ്വദേശി മുഹമ്മദ് ഫസൽ, പന്നിയങ്കര സ്വദേശി അക്ബർ അലി, അരക്കിണർ സ്വദേശി അബ്ദുൾ റാഷിദ് എന്നിവരാണ് അറസ്റ്റിലായത്. പതിനൊന്നായിരം രൂപയാണ് പ്രതികൾ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ ഏഴായിരം രൂപ ഒന്നാം പ്രതി മുഹമ്മദ് ഫസൽ മലദ്വാരത്തിൽ ഒളിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് തൊണ്ടിമുതൽ പുറത്തെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചാണ് അതിഥി തൊഴിലാളിയിൽ നിന്ന് പതിനൊന്നായിരം രൂപ തട്ടിപ്പറിച്ച് സംഘം കടന്നു കളഞ്ഞത്. പരാതിയിൽ പൊലീസ് അന്വേഷണത്തിനൊടുവിൽ പാളയം – കോർണേഷൻ ഇടറോഡിൽ വച്ച് സാഹസികമായി നാല് പ്രതികളിൽ മൂന്നുപേർ കസബ പൊലീസിന്റെ പിടിയിലായി. തൊണ്ടിമുതൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മൂവർ സംഘത്തെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പുറക്കാട്ടിരി സ്വദേശി മുഹമ്മദ് ഫസൽ തൊണ്ടി മുതലായ പണം മലദ്വാരത്തിൽ ഒളിപ്പിച്ചതായി പൊലീസിനോട് സമ്മതിച്ചത്.

തുടർന്ന് പൊലീസ് മുഹമ്മദ് ഫസലിനെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ ഏറെ പണിപ്പെട്ട് തൊണ്ടി പുറത്തെടുത്തു.ഏഴായിരം രൂപയാണ് പുറത്തെടുത്തത്.ബാക്കി തുക കണ്ടെത്താനായിട്ടില്ല . ഈ പണം പ്രതികള്‍ ചെലവഴിച്ചതായാണ് പ്രാഥമിക നിഗമനം. സംഘത്തിലെ ഒരാളെക്കൂടി ഇനി പിടികൂടാനുണ്ട്. കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് നഗരത്തില്‍ പിടിച്ചുപറിക്കേസുകള്‍ കൂടിയതായാണ് പൊലീസിന്‍റെ വിലയിരുത്തല്‍.