വെസ്റ്റ് നൈല്‍ പനിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

0
111

തിരുവനന്തപുരം: വെസ്റ്റ് നൈല്‍ പനിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമാണ്. ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കാലാവസ്ഥാ വ്യതിയാനം കാരണം പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനം നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വലിയിരുത്തി.

തൃശൂര്‍ ജില്ലയില്‍ വൈസ്റ്റ് നൈല്‍ രോഗബാധ സംശയിച്ചപ്പോള്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം രോഗിയുടെ പ്രദേശമായ കണ്ണാറ സന്ദര്‍ശിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കയയ്ച്ചു. കൊതുകുജന്യ രോഗങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശമാണെന്ന് കണ്ടെത്തിയതിനാല്‍ എല്ലാ ടീം അംഗങ്ങളും രോഗിയുടെ വീട്ടിലും പരിസരത്തും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വെള്ളാനിക്കര സി.എച്ച്‌.സി.യിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ ഫീല്‍ഡ് വര്‍ക്ക്, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, പനി സര്‍വേ, പ്രദേശത്ത് ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകള്‍ എന്നിവ നടത്തുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

എന്താണ് വെസ്റ്റ് നൈല്‍?

ക്യൂലക്സ് കൊതുക് വഴി പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്സിന്‍ ലഭ്യമാണ്.

രോഗപ്പകര്‍ച്ച

ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ മലപ്പുറം ജില്ലയില്‍ 6 വയസകാരന്‍ വെസ്റ്റ് നൈല്‍ ബാധിച്ച്‌ മരണമടഞ്ഞിരുന്നു.

രോഗലക്ഷണങ്ങള്‍

തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച്‌ താരതമ്യേന മരണ നിരക്ക് കുറവാണ്.

രോഗപ്രതിരോധവും ചികിത്സയും

വൈസ്റ്റ് നൈല്‍ രോഗത്തിന് ശരിയായ ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധമാണ് പ്രധാനം. കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.