വയനാട് മാനന്തവാടിയില്‍ രണ്ടുപേര്‍ കാറിടിച്ച് മരിച്ചു

0
98

മാനന്തവാടി: വയനാട് മാനന്തവാടി ചങ്ങാടക്കടവ് പാലത്തില്‍ വാഹനമിടിച്ച് കാല്‍നടയാത്രക്കാരായ രണ്ട് അതിഥിത്തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപുര്‍ സ്വദേശികളായ ദുര്‍ഗപ്രസാദ്(37) തുള്‍സിറാം(30) എന്നിവരാണ് നിയന്ത്രണംവിട്ട കാറിടിച്ച് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം.
കാറിടിച്ച് റോഡില്‍ കിടക്കുകയായിരുന്ന ദുര്‍ഗപ്രസാദിനെ മറ്റൊരു വാഹനത്തിലെത്തിയ ആളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച തുള്‍സിറാം ഇടിയുടെ ആഘാതത്തില്‍ തെറിച്ച് പാലത്തില്‍നിന്ന് പുഴയില്‍ വീഴുകയായിരുന്നു. പിന്നീട് മാനന്തവാടിയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് പുഴയില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്. ഇവരോടൊപ്പമുണ്ടായിരുന്ന അഗ്യാറാം എന്നയാള്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടിരുന്നു.
തോണിച്ചാല്‍ സ്വദേശികളായ അമല്‍, ടോബിന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ടോബിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.