തൃക്കാക്കരയില്‍ പരസ്യപ്രചരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം

0
99

തൃക്കാക്കരയില്‍ പരസ്യപ്രചരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ മുന്നണികള്‍ ആവേശത്തില്‍.  തുറന്ന വാഹനത്തില്‍ പരമാവധി വോട്ടര്‍മാരിലേക്കും ഇറങ്ങിച്ചെല്ലുകയാണ് സ്ഥാനാര്‍ത്ഥികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ അഞ്ച് ദിവസമായി മണ്ഡലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയു പ്രസംഗവും എല്‍ഡിഎഫ് ക്യാമ്പില്‍ വലിയ ആവേശമാണ് നല്‍കിയത്.
മന്ത്രിമാരും എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്ന എല്‍ഡിഎഫിന്‍റെ പൊതുപര്യടനം ഇന്നും തുടരും. ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി ഡോ. ജോ ജോസഫിന്‍റെ റോഡ് ഷോയും തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ആറ് മണിവരെ കാക്കനാട് എന്‍ജിഒ ക്വാട്ടേഴ്സ് മേഖലയില്‍ മണ്ഡലത്തിലെ ടെക്കികളുടെ സംഘം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി റാലിയായി പ്രചരണത്തിനിറങ്ങും.
വെണ്ണല‍, കടവന്ത്ര, വൈറ്റില മേഖലകളിലാകും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്‍റെ പൊതുപര്യടനം. കൂടാതെ അത്താണി, പൂണിത്തുറ മണ്ഡലങ്ങളിലായി യുഡിഎഫിന്‍റെ നേതൃത്വത്തില്‍ പ്രകടനങ്ങളും നടക്കും. ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍റെ റോഡ് ഷോയും പുരോഗമിക്കുകയാണ്.
ഇന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരനും സുരേഷ് ഗോപിയും മണ്ഡലത്തിലെത്തും. മതവിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പി സി ജോര്‍ജും ബിജെപി സ്ഥാനാര്‍ത്ഥിക്കായി മണ്ഡലത്തില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.