ആശുപത്രികൾ ചികിത്സച്ചെലവുകൾ സംബന്ധിച്ച ബോർഡുകൾ സ്ഥാപിക്കണമെന്ന നിയമം കർശനമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

0
108

തൃശ്ശൂർ: ആശുപത്രികൾ ചികിത്സച്ചെലവുകൾ സംബന്ധിച്ച ബോർഡുകൾ സ്ഥാപിക്കണമെന്ന നിയമം കർശനമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. ആദ്യഘട്ടത്തിൽ കോവിഡ്‌ പരിശോധനകളുടെ ഫീസ് നിരക്കായിരിക്കും പ്രദർശിപ്പിക്കുക. പിന്നീട് മറ്റ്‌ എല്ലാ ചികിത്സാനിരക്കുകളും പ്രദർശിപ്പിക്കുമെന്നും പറയുന്നു.
തൃശ്ശൂർ വേലൂപ്പാടത്തെ സുരേഷ് ചെമ്മനാടൻ നൽകിയ അപേക്ഷയ്ക്ക് മറുപടിയായാണ് അധികൃതർ ഈ വിവരം പറഞ്ഞിരിക്കുന്നത്. രണ്ടരവർഷത്തോളം മുമ്പാണ് ചികിത്സച്ചെലവുകൾ പ്രദർശിപ്പിക്കാത്തതിനെതിരേ സുരേഷ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയത്.
2018-ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻറ്‌സ്‌ നിയമപ്രകാരം ഫീസ് നിരക്ക് പ്രദർശിപ്പിക്കണം. എന്നാൽ, ഇതുവരെ സർക്കാർ-സ്വകാര്യ ആശുപത്രികളോ ക്ലിനിക്കുകളോ ഫീസ് നിരക്ക് പ്രദർശിപ്പിക്കാറില്ല. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള രണ്ട്‌ ബോർഡുകൾ രണ്ട്‌ സ്ഥലങ്ങളിലായി സ്ഥാപിക്കണമെന്നാണ് നിയമത്തിൽ പറയുന്നത്.
ലക്ഷങ്ങൾ ചെലവ്‌ വരുന്ന ശസ്ത്രക്രിയയുടെ വിവരങ്ങൾപോലും മുൻകൂട്ടി അറിയാൻ സംവിധാനമില്ലാത്തത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സുരേഷ് ആരോഗ്യവകുപ്പിനയച്ച കത്തിൽ പറഞ്ഞിരുന്നു. ശസ്ത്രക്രിയകളുടേത് ഉൾപ്പെടെയുള്ള ഫീസ് പ്രദർശിപ്പിക്കണമെന്നാണ് ഇതിൽ ആവശ്യപ്പെട്ടിരിക്കുന്നത്.