ഒഡീഷയിലെ ബെര്‍ഹാംപുരില്‍ അനധികൃത ലിംഗനിര്‍ണയവും ഗര്‍ഭച്ഛിദ്രവും നടത്തിവന്നിരുന്ന വമ്പന്‍ റാക്കറ്റ് പോലീസിന്റെ പിടിയില്‍

0
85

ഒഡീഷയിലെ ബെര്‍ഹാംപുരില്‍ അനധികൃത ലിംഗനിര്‍ണയവും ഗര്‍ഭച്ഛിദ്രവും നടത്തിവന്നിരുന്ന വമ്പന്‍ റാക്കറ്റ് പോലീസിന്റെ പിടിയില്‍.ലിംഗ നിര്‍ണയ പരിശോധനകേന്ദ്രം നടത്തിയിരുന്ന ആളും ഇയാളുടെ ക്ലിനിക്കില്‍ ഗര്‍ഭിണികളെ എത്തിച്ചിരുന്ന ആശ വര്‍ക്കറും അടക്കം 13 പേരെയാണ് പിടികൂടിയത്. രഹസ്യകേന്ദ്രത്തില്‍ അള്‍ട്രാസൗണ്ട് സ്‌കാനിങ് മെഷീനുകള്‍ ഉപയോഗിച്ച് ലിംഗനിര്‍ണയം നടത്തിയിരുന്ന പ്രതികള്‍, പെണ്‍കുട്ടിയാണെന്ന് കണ്ടെത്തിയാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു.
ബെര്‍ഹാംപുര്‍ സ്വദേശിയായ ദുര്‍ഗ പ്രസാദ് നായിക്കാണ് അങ്കുലി, ആനന്ദ് നഗറിലെ വീട്ടില്‍ അനധികൃത ലിംഗ നിര്‍ണയ പരിശോധന കേന്ദ്രം നടത്തിവന്നിരുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇയാളുടെ നേതൃത്വത്തില്‍ വമ്പന്‍ സംഘം പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെ ഇയാളുടെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍ പോലീസ് റെയ്ഡിനെത്തിയപ്പോള്‍ 11 ഗര്‍ഭിണികള്‍ ലിംഗനിര്‍ണയത്തിനായി ഇവിടെയെത്തിയിരുന്നു.
ക്ലിനിക്കില്‍ ഉപയോഗിച്ചിരുന്ന അള്‍ട്രാസൗണ്ട് മെഷീനുകളും മറ്റ് ഉപകരണങ്ങളും 18200 രൂപയും മൊബൈല്‍ഫോണും റെയ്ഡില്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തിലെ വിവിധ ആശുപത്രികളിലെ ജീവനക്കാരും പിടിയിലായവരില്‍ ഉള്‍പ്പെടും. ഗര്‍ഭിണികളെ ക്ലിനിക്കിലേക്ക് അയച്ചാല്‍ ആശുപത്രി ജീവനക്കാരായ ഈ പ്രതികള്‍ക്ക് ദുര്‍ഗ പ്രസാദ് പ്രതിഫലം നല്‍കിയിരുന്നു. അറസ്റ്റിലായ ആശ വര്‍ക്കറും ഗര്‍ഭിണികളെ എത്തിച്ചുനല്‍കിയതിനാണ് പോലീസിന്റെ പിടിയിലായത്. റെയ്ഡ് നടന്ന ദിവസം ആശ വര്‍ക്കറായ യുവതി തന്റെ ഗ്രാമത്തില്‍നിന്ന് രണ്ട് ഗര്‍ഭിണികളുമായാണ് ക്ലിനിക്കില്‍ വന്നതെന്നും പോലീസ് പറഞ്ഞു.