കാട്ടുപന്നിയെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി; മാർഗനിർദേശങ്ങൾ പുതുക്കി സർക്കാർ

0
79

തിരുവനന്തപുരം: കാട്ടുപന്നിയെ കൊല്ലാനുള്ള മാർഗനിർദേശങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറങ്ങി. ജനവാസ മേഖലകളിൽ നാശം വരുത്തുന്ന കാട്ടുപന്നിയെ അനുയോജ്യ മാർഗങ്ങളിലൂടെ നശിപ്പിക്കാമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പാലിറ്റി ചെയർമാൻ, മേയർ എന്നിവർക്കാണ് ഇതിന് അനുമതിയുള്ളത്. വിഷം,സ്‌ഫോടക വസ്തു, വൈദ്യുതി ഷോക്ക് എന്നീ മാർഗങ്ങളിലൂടെ കൊല്ലാൻ പാടില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം. നിലവിൽ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി നൽകാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാര്‍ഡൻമാർക്ക് മാത്രമാണ്.

ജനജീവിതത്തിനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയാക്കി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം നേരത്തെ കേന്ദ്രം നിരാകരിച്ചിരുന്നു. പകരം അപകടകാരികളായ കാട്ടുപന്നികളെ തുരത്താനോ ആവശ്യമെങ്കിൽ ഇല്ലാതാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരം ഉപയോഗിക്കാമെന്നും കേന്ദ്രം നിര്‍ദേശിച്ചു. വന്യജീവി നിയമം കര്‍ശനമായി പാലിച്ചുകൊണ്ടാകണം നടപടികൾ. ഇതുപ്രകാരം ചീഫ് വൈൽഫ് ലൈഫ് വാർഡന്‍റെ ഉത്തരവനുസരിച്ച് 2600 ലേറെ പന്നികളെ വെടിവച്ചുകൊന്നിരുന്നു.