പൊലീസ് സ്റ്റേഷനിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

0
82

തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. പാലോട് സ്വദേശി ഷൈജുവാണ് മരിച്ചത്. അൻപതു ശതമാനത്തിലധികം പൊള്ളലേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പാലോട് സ്വദേശിയായ ഷൈജു പരാതി നൽകാനാണ് ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യയ്‌ക്കെതിരേയുള്ള പരാതി ആണെന്നാണ് സ്റ്റേഷനില്‍ പറഞ്ഞിരുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തിരക്കുന്നതിനിടെ കൈവശമുണ്ടായിരുന്ന പെട്രോള്‍ ഷൈജു ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരും അഭിഭാഷകരും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷൈജുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ ഇന്ന് 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 25ന് ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇയാൾ പുത്തൂർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇയാളുടെ ഭാര്യ കുടുംബവീട്ടിൽ ഉണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഷൈജുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.