കങ്കണ റണാവത്ത് നായികയായ ധാക്കഡ് റിലീസ് ചെയ്ത എട്ടാം ദിനത്തില്‍ വിറ്റുപോയത് വെറും 20 ടിക്കറ്റുകൾ

0
115

കങ്കണ റണാവത്ത് നായികയായ ധാക്കഡ് റിലീസ് ചെയ്ത എട്ടാം ദിനത്തില്‍ വിറ്റുപോയത് വെറും 20 ടിക്കറ്റുകള്‍. 100 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം കഴിഞ്ഞ ദിവസം 4420 രൂപയാണ് വരുമാനമായി ലഭിച്ചത്. ഒട്ടുമിക്ക തിയേറ്ററുകളിലും ആളില്ലാത്തതിനാല്‍ ഷോകള്‍ റദ്ദാക്കിയതോടെ നിര്‍മാതാക്കള്‍ വന്‍നഷ്ടത്തിലേക്ക് കൂപ്പുകുത്തി. മെയ് 20 നാണ് ചിത്രം റിലീസ് ചെയ്തത് ഇതുവരെ 3.53 കോടി മാത്രമേ വരുമാനം നേടാനായുള്ളു. ബിഗ് ബജറ്റ് ചിത്രമാണ് എന്നുള്ളിടത്താണ് പരാജയഭാരം വര്‍ധിക്കുന്നത്.
റസ്‌നീഷ് റാസി സംവിധാനം ചെയ്ത ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്. ഏജന്റ് അഗ്‌നി എന്ന കഥാപാത്രമായാണ് കങ്കണ എത്തിയത്. അര്‍ജുന്‍ രാംപാല്‍, ദിവ്യാ ദത്ത എന്നിവരായിരുന്നു മറ്റു പ്രധാന താരങ്ങള്‍.
ആദ്യ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ത്തന്നെ സമിശ്ര പ്രതികരണമായിരുന്നു. ഇത് ശരിവെയ്ക്കുന്നതായി ചിത്രത്തിന്റെ പ്രകടനം. റിലീസ് ദിവസം തന്നെ മോശം അഭിപ്രായമാണ് ധാക്കഡിന് ലഭിച്ചത്. ഒപ്പമിറങ്ങിയ ഭൂല്‍ ഭൂലയ്യ-2 ന് നല്ല അഭിപ്രായം വന്നതോടെ ധാക്കഡിന്റെ കാര്യം പരുങ്ങലിലായി. നൂറുകോടി ക്ലബ്ബിലേക്ക് കടന്ന ഭൂല്‍ ഭൂലയ്യ-2 ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്.