ചെന്നൈ: ഈ വര്‍ഷം ഓഗസ്റ്റില്‍ രണ്ട് നൂതന അതിവേഗ വന്ദേഭാരത് ട്രെയിനുകള്‍ കൂടി പുറത്തിറക്കുമെന്ന് ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി (ഐസിഎഫ്). സമാനമായ രണ്ട് ട്രെയിനുകള്‍ നിലവില്‍ രാജ്യത്ത് ഓടുന്നുണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ സ്മരണയ്ക്കായി 75 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഇന്ത്യയിലെ 75 വലിയ പട്ടണങ്ങളിലൂടെ ഓടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ഐസിഎഫ് അറിയിച്ചു.
2023-ല്‍ 75 വന്ദേഭാരത് ട്രെയിനുകള്‍
75 വന്ദേഭാര അതിവേഗ ട്രെയിനുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി റെയില്‍വേ മന്ത്രാലയം തയ്യാറാക്കുകയും അതിന്റെ ചുമതല ചെന്നൈയിലെ ഐസിഎഫിന് കൈമാറുകയും ചെയ്തു. ഓട്ടോമാറ്റിക് ഫയര്‍ സെന്‍സറുകള്‍, സിസിടിവി ക്യാമറകള്‍, ജിപിഎസ്, കൂടുതല്‍ സുരക്ഷിതത്വം, കൂടുതല്‍ സുഖകരമായ ഇരിപ്പിടങ്ങള്‍ മേല്‍പ്പറഞ്ഞ സവിശേഷതകളോടെയാണ് ഓഗസ്റ്റില്‍ രണ്ട് പുതിയ ട്രെയിനുകള്‍ പുറത്തിറക്കുക.
‘പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തിന് ശേഷം, 2023 ഓഗസ്റ്റില്‍ 75 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കാനാണ് ഐസിഎഫ് ലക്ഷ്യമിടുന്നത്. ആ ദിശയില്‍ പുരോഗതി കൈവരിച്ചാല്‍, 2022 ഓഗസ്റ്റില്‍ രണ്ട് ട്രെയിനുകള്‍ സജ്ജമാകും. ആ ട്രെയിനുകളുടെ പരീക്ഷണം നടത്തി അതിന്റെ അടിസ്ഥാനത്തില്‍ഞങ്ങള്‍ കൂടുതല്‍ ഉത്പാദനം നടത്തും’ ഐസിഎഫ് ജനറല്‍ മാനേജര്‍ എ.കെ.അഗര്‍വാള്‍ പറഞ്ഞു.
കൂടുതല്‍ സവിശേഷതകളോടെ പുതിയ വന്ദേഭാരത്
മുന്‍പത്തെ വന്ദേഭാരത് ട്രെയിനുകളേക്കാള്‍ ഭാരംകുറഞ്ഞ പുതിയ വന്ദേഭാരത് ട്രെയിനുകളില്‍ യാത്ര ഏറെ സുഖകരമായിരിക്കുമെന്നാണ് ഐസിഎഫ് പറയുന്നത്. ‘നിലവില്‍ സര്‍വീസ് നടത്തുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളേക്കാള്‍ സുഖപ്രദമായ യാത്രയായിരിക്കും പുതുതായി പുറത്തിറങ്ങുന്ന ട്രെയിനുകളില്‍. പഴയ ട്രെയിനുകളേക്കാള്‍ ഭാരം കുറവായിരിക്കും പുതിയ ട്രെയിനുകള്‍ക്കെന്നതാണ് ഇതിന്റെ പ്രധാന കാരണം. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഭാരം കുറവായതിനാല്‍ ഉയര്‍ന്നവേഗതയില്‍ പോലും യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖം തോന്നും. ലോക്കോ പൈലറ്റുകള്‍ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് കവാടങ്ങളായിരിക്കും. ജാലകങ്ങള്‍ കൂടുതല്‍ വലുതായിരിക്കും. ടോയിലറ്റുകള്‍ നവീകരിക്കും. ലഗേജുകള്‍ വെക്കുന്നതിന് കൂടുതല്‍ സൗകര്യമുണ്ടാകും’ ഐസിഎഫ് ജനറല്‍ മാനേജ് പറഞ്ഞു.
കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി കവാച് സാങ്കേതികവിദ്യയാണ് പുതിയ ട്രെയനുകളില്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത്. ഓരേ ട്രാക്കില്‍ രണ്ട് ട്രെയിനുകള്‍ ഒരുമിച്ച് വരികയാണെങ്കില്‍ ഓട്ടോമാറ്റിക് ബ്രേക്ക് പ്രവര്‍ത്തിക്കുമെന്നതാണ് കവാച് സാങ്കേതിക വിദ്യയുടെ പ്രധാന സവിശേഷത.
നിശ്ചയിച്ച സമയത്ത് തന്നെ തങ്ങള്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് ഐസിഎഫ് അറിയിച്ചു. റെയില്‍വേ മന്ത്രിയുടേയും റെയില്‍വേ ബോര്‍ഡിന്റെ പൂര്‍ണ്ണ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അധികൃതര്‍ പറഞ്ഞു. റഷ്യ-യുക്രൈന്‍ സംഘര്‍ഷംമൂലം പുതിയ ട്രെയിനുകള്‍ക്ക് ചക്രങ്ങള്‍ എത്തുന്നതില്‍ കാലതാമസം നേരിട്ടതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.