സംസ്ഥാനത്ത് പച്ച തേങ്ങയുടെ വില കൂപ്പുകുത്തുന്നു

0
92

ചിറ്റൂര്‍: സംസ്ഥാനത്ത് പച്ച തേങ്ങയുടെ വില കൂപ്പുകുത്തുന്നു. കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങളായി 15 മുതല്‍ 18-20 രൂപ വരെ വില ലഭിച്ചിരുന്ന പച്ച തേങ്ങയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത് ഒമ്ബത് രൂപയിലും താഴെയാണ്.
അതിര്‍ത്തി പ്രദേശങ്ങളിലേയും തമിഴ്നാട്ടിലേയും വ്യാപാരികളെയാണ് ഇവിടുത്തെ കേരകര്‍ഷകര്‍ കൂടുതലായും ആശ്രയിക്കുന്നത്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി വ്യാപാരികള്‍ കര്‍ഷകരെ വലിയ തോതില്‍ ചൂഷണം ചെയ്യുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. വിലയില്‍ കുറവ് മാത്രമല്ല കര്‍ഷകരെ ബാധിക്കുന്നത് വ്യാപാരികള്‍ക്ക് 100 തേങ്ങ എണ്ണി കൊടുക്കുമ്ബോള്‍ 20 നാളികേരമെങ്കിലും പൊടി (ചെറുത്) തേങ്ങയായി കണക്കാക്കും. ഇതിന്റെ വില നേര്‍പകുതിയായാണ് കണക്കാക്കുന്നത് . (രണ്ടു തേങ്ങക്ക് ഒരു തേങ്ങയുടെ വിലയേ ലഭിക്കൂ). ഏറ്റവും ചെറിയ തേങ്ങ വെറുതെയും കൊടുക്കണം. മിക്ക വ്യാപാരികളും ഇപ്പോള്‍ പുതിയ രീതിയിലാണ് ചൂഷണം ചെയ്യുന്നത്. 100 തേങ്ങയ്ക്ക് 10 തേങ്ങ ഫ്രീയായി കൊടുക്കണെമെന്ന് കര്‍ഷകര്‍ പറഞ്ഞു. വയല്‍ വരമ്ബിലും തോട്ടങ്ങളിലും മൂപ്പെത്തിയ തേങ്ങ തനിയേ വീഴുമെങ്കിലും അത് കണ്ടവരൊക്കെ എടുത്തു കൊണ്ടുപോകുന്ന സ്ഥിതിയാണ് പല പ്രദേശങ്ങളിലും ഉള്ളത്.

നാട്ടുകാരായ തെങ്ങുകയറ്റ തൊഴിലാളികളെ കൊണ്ടു തേങ്ങ ഇടാന്‍ തെങ്ങൊന്നിനു 70 രൂപയില്‍ കൂടുതല്‍ കൊടുക്കണം. കിട്ടുന്ന നാളികേരത്തിന്റെ പകുതി വില കൂലിയായി തന്നെ കൊടുക്കേണ്ടിവരും. ഇട്ട നാളികേരം തല ചുമടായിട്ടോ വാഹനത്തിലോ കടത്തി വീട്ടിലെത്തിക്കാന്‍ കൂലി വേറെയും കൊടുക്കണം. നാളികേരത്തിന്റെ വിലതകര്‍ച്ച കൂടുതല്‍ തെങ്ങുള്ള കര്‍ഷകരെ മാത്രമല്ല, 5 ഉം 10 ഉം തെങ്ങുള്ള വീടുകളേയും ബാധിക്കുന്നുണ്ട്. രണ്ടു മാസത്തിലൊരിക്കല്‍ നാളികേരം ഇറക്കി സ്വന്തം ആവശ്യത്തിനുള്ള എണ്ണയ്ക്കും പാചകത്തിനും കഴിച്ച്‌ ബാക്കി നാളികേരം കടയില്‍ കൊടുത്താല്‍ പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങിക്കാനുള്ള പണം ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂലി ചെലവും ചെറിയ തേങ്ങ, വലിയ തേങ്ങ എന്നിവ തിരിച്ച്‌ വിലയിട്ടാല്‍ നാളികേരകര്‍ഷകന് ഒന്നും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. പച്ച തേങ്ങയുടെ വില തകര്‍ച്ചയില്‍ നിന്നും വ്യാപാരികളുടെ ചൂഷണത്തില്‍ നിന്നും നാളികേരകര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നല്ലേപ്പിള്ളിയിലെ നാളികേര കര്‍ഷകനായ വി.രാജന്‍ ആവശ്യെപെട്ടു.