വനംവകുപ്പ് ഓഫീസിൽ വനിതാവാച്ചറെ പീഡിപ്പിക്കാൻ ശ്രമം ;ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്കെതിരെ കേസ്

0
80

പത്തനംതിട്ട: ഗവി വനംവകുപ്പ് സ്റ്റേഷൻ ഓഫീസിൽ വനിതാവാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ടി മാത്യുവാണ് വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം. ബുധനാഴ്ചയായിരുന്നു സംഭവം.ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തിയാണ് വനിതാ വാച്ചറെ രക്ഷപ്പെടുത്തിയത്. വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു. താൽക്കാലിക വാച്ചറായി ജോലി ചെയ്യുന്ന യുവതിയെയാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പീഡിപ്പിക്കാൻ ശ്രമിച്ചത്.

അടുക്കളയിൽ നിൽക്കുകയായിരുന്ന യുവതിയെ സ്റ്റോറൂമിൽ നിന്ന് സാധനങ്ങൾ എടുത്തുതരാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടു പോവുകയും അവിടെയെത്തിയ വനിതാ വാച്ചറെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. ബഹളം വെച്ചതിനെ തുടർന്ന് ഓഫീസിലെ മറ്റ് ജീവനക്കാരെത്തി യുവതിയെ അതിക്രമത്തിൽ നിന്ന് രക്ഷിക്കുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം ഇവർ വള്ളക്കടവ് റേഞ്ച് ഓഫീസർക്ക് പരാതി നൽകി. ഈ പരാതി ലഭിച്ചതിനെ തുടർന്ന് വള്ളക്കടവ് റേഞ്ച് ഓഫീസർ ഡെപ്യൂട്ടി ഡയറക്ടറെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി ഈ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുകയുമായിരുന്നു.

അന്വേഷണത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ടി മാത്യു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വനം വകുപ്പ് പ്രതിയ്‌ക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു.പ്രതിയോട് തൽക്കാലം അവധിയിൽ പോവാൻ നിർദ്ദേശിച്ചിരിക്കുകയാണ് പോലീസ്.