ഡല്‍ഹിയില്‍ 28 കോടിയുടെ കൊക്കെയിനുമായി രണ്ട് ഉഗാണ്ട സ്വദേശിനികള്‍ പിടിയില്‍

0
72

ഡല്‍ഹി: വിമാനത്താവളത്തില്‍ 28 കോടിയുടെ കൊക്കെയിനുമായി രണ്ട് ഉഗാണ്ട സ്വദേശിനികള്‍ പിടിയില്‍. 28 കോടിയുടെ, 180ലധികം കൊക്കെയിന്‍ ഗുളികകളാണ് ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. യുവതികളുടെ വയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയിന്‍.

കസ്റ്റഡിയിലായ രണ്ട് യുവതികളും ഉഗാണ്ട സ്വദേശിനികളാണെങ്കിലും ഇവര്‍ക്ക് പരസ്പരം ബന്ധമില്ലെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 22നാണ് ഇവരിലൊരാള്‍ ഉഗാണ്ടയില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇവരെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്നാണ് ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ കൊക്കെയിന്‍ ഗുളികകള്‍ യുവതിയുടെ വയറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ചാണ് പരിശോധന നടത്തിയത്.

957 ഗ്രാം വരുന്ന 14 കോടിയുടെ കൊക്കെയിനാണ് ഇവരില്‍ നിന്ന് മാത്രം പിടിച്ചെടുത്തത്. മെയ് 26നാണ് രണ്ടാമത്തെ യുവതിയും കൊക്കെയിനുമായി ഡല്‍ഹിയില്‍ പിടിയിലായത്. 891 ഗ്രാം വരുന്ന 13 കോടിയുടെ കൊക്കെയിനാണ് ഇവരില്‍ നിന്ന് പിടികൂടിയത്. പിടിയിലായ സ്ത്രീകളെ കേന്ദ്രീകരിച്ച് കൂടുതല്‍ കണ്ണികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.