പുത്തൻ ബൈക്ക് സുഹൃത്തുക്കളെ കാണിച്ച് മടങ്ങുന്നതിനിടെ അപകടം, യുവാവ് മരിച്ചു

0
108

പാലക്കാട്: പുതിയ ബൈക്ക് വാങ്ങി സുഹൃത്തുക്കളെ കാണിച്ച് തിരിച്ചുവരുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് ബൈക്ക് ഉടമയായ 19 കാരൻ ഷാജഹാൻ മരിച്ചത്.

പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലിയുടെയും ഫസീലയുടെയും മകനാണ്. ഒറ്റപ്പാലം പത്തൊമ്പതാം മൈലിലാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന കാറുമായാണ് ബൈക്ക് ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രി 9.45 ഓടെയാണ് അപകടമുണ്ടായത്. പിന്നിലുണ്ടായിരുന്ന മറ്റൊരു ബൈക്കും അപകടത്തിൽപ്പെട്ടെങ്കിലും യാത്രികൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.