വള മോഷ്ടിച്ചെന്ന് ആരോപിച്ചു യുവതിക്കു ക്രൂര മര്‍ദനം

0
110

തിരുവനന്തപുരം ശാസ്തമംഗലത്ത് വള മോഷ്ടിച്ചെന്ന് ആരോപിച്ചു യുവതിക്കു ക്രൂര മര്‍ദനം. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയാണു കടയ്ക്കു മുന്നിലുള്ള റോഡിലിട്ടു യുവതിയെ മര്‍ദിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കടയുടെ മുന്നിലിരുന്നപ്പോള്‍ മാറിയിരിക്കാന്‍ ആവശ്യപ്പെട്ടെന്നും പിന്നീട് വള മോഷ്ടിച്ചെന്ന് ആരോപിച്ചു മര്‍ദിച്ചെന്നുമാണു മരുതുംകുഴി സ്വദേശിയായ യുവതി പറയുന്നത്.

എന്നാല്‍, കടയിലേക്കു കയറിവന്നു ഫോണ്‍ ആവശ്യപ്പെട്ടെന്നും നല്‍കാത്തതിനെ തുടര്‍ന്ന് അസഭ്യം വിളിച്ചെന്നുമാണു ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ വിശദീകരണം. യുവതിയെ ഏറെനേരം ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീ മര്‍ദിക്കുന്നതു വിഡിയോയിലുണ്ട്. മ്യൂസിയം പൊലീസ് കേസെടുത്തു. കടയില്‍നിന്ന് ഇറങ്ങിവന്ന രണ്ടു യുവതികള്‍ വഴക്കുകൂടുന്നതാണു നാട്ടുകാര്‍ ആദ്യം കണ്ടത്. നാട്ടുകാര്‍ ഇടപെട്ടാണു പൊലീസിനെ വിളിച്ചത്. വള മോഷ്ടിച്ചതായി പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം കടയുടെ അടുത്തുള്ള ബാങ്കില്‍ വന്നതാണെന്നാണ് യുവതി പറയുന്നത്. ബ്യൂട്ടി പാര്‍ലറില്‍ കയറിയിട്ടില്ല. കുട്ടി കൂടെയുണ്ടായിരുന്നു. ബാഗില്‍ കുട്ടിയുടെ യൂണിഫോമിനൊപ്പം തന്റെ പൊട്ടിയ വള വച്ചിരുന്നു. കടയ്ക്കു മുന്നില്‍ ഫോണ്‍ ചെയ്തു നിന്നപ്പോള്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയും സുഹൃത്തുമെത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് അവര്‍ മര്‍ദിച്ചതായും യുവതി പറഞ്ഞു. വിഡിയോ ദൃശ്യങ്ങള്‍ കണ്ട് മ്യൂസിയം പൊലീസ് സ്വമേധയായാണ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തത്. പിന്നീട് പിങ്ക് പൊലീസ് യുവതിയെ കണ്ടെത്തി പരാതി എഴുതി വാങ്ങുകയായിരുന്നു