ദുബായിൽ കഴിയവേ പണം തീർന്നു; ബലാത്സംഗക്കേസിൽ പ്രതിയായ വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡുകൾ എത്തിച്ച് നൽകി നടി; പരാതിക്കാരിയായ യുവനടിയെ സ്വാധീനിക്കാനും ശ്രമം

0
71

കൊച്ചി: ദുബായിൽ കഴിയുന്ന വിജയ് ബാബുവിനെ സഹായിക്കാൻ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീയുടെ ഇടപെടൽ ഉണ്ടായതായി പോലീസ്. പണം തീർന്നതിനാൽ ദുബായിലേക്ക് ക്രെഡിറ്റ് കാർഡുകൾ എത്തിച്ച് നൽകി സഹായിച്ചതും ഈ നടിയാണെന്ന് പോലീസ് കണ്ടെത്തി. കേസിൽ മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ വിദേശത്ത് കഴിയാനുള്ള പണം തീർന്നതിനെ തുടർന്നായിരുന്നു നീക്കം.

വിജയ് ബാബുവിന്റെ അടുത്ത സുഹൃത്തും നടിയുമായ ഈ സ്ത്രീ രണ്ട് ക്രെഡിറ്റ് കാർഡുകളാണ് പീഡനക്കേസിൽ പ്രതിയായ വിജയ് ബാബുവിന് എത്തിച്ച് നൽകിയത്. കൊടുങ്ങല്ലൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് നെടുമ്പാശേരി വഴിയാണ് സുഹൃത്തായ നടി ദുബായിലെത്തിയത്. തുടർന്ന് ക്രെഡിറ്റ് കാർഡുകൾ വിജയ് ബാബുവിന് കൈമാറുകയായിരുന്നു.

അന്വേഷണ സംഘത്തിന് ലഭിച്ച വിവരമനുസരിച്ച് ഈ നടി പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചതായും സൂചനയുണ്ട്. പരാതിക്കാരിയായ നടിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാൻ പ്രേരിപ്പിച്ചുവെന്നും പോലീസ് പറയുന്നു.