തൃശ്ശൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഷിഗല്ലെ ബാധ

0
90

തൃശൂർ: ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജിൽ ഷിഗല്ല രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയുമായി ആരോഗ്യ വകുപ്പ്. കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും സമീപത്തെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഒരു ബേക്കറി പൂട്ടാൻ നിർദ്ദേശം നൽകി.
ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ഹോസ്റ്റല്‍ വിദ്യാർത്ഥിക്ക് ഇന്നലെയാണ് ഷിഗല്ല  സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളുള്ള മുപ്പതോളം വിദ്യാർത്ഥികൾ നിരീക്ഷണത്തിലുമാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതാണ് രോഗബാധക്ക് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഇതേത്തുടര്‍ന്നാണ് എഞ്ചിനിയറിങ് കോളേജിന് സമീപത്തെ ഹോട്ടലുകളിലും ബേക്കറികളിലും സ്വകാര്യ ഹോസ്റ്റലുകളിലും പരിശോധന നടത്തിയത്. പളളി മൂലയിലെ യുവർ ചോയിസ് എന്ന ബേക്കറി, പഴകിയ ഭക്ഷണം, ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി 7 ദിവസത്തേക്ക് പൂട്ടിച്ചു.
രോഗം സ്ഥിരീകരിച്ച പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഷിഗല്ല ബാധിതയുടെ ആരോഗ്യ നില തൃപ്തികരമാണ്. രോഗ ലക്ഷണങ്ങളുള്ള കുട്ടികളോട് പരിശോധനയ്ക്ക് വിധേയരാകാനും ആരോഗ്യവകുപ്പ് അധികൃതർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.