ഫൈറൂസിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സൂചിപ്പിക്കുന്ന ശബ്ദ സന്ദേശം പുറത്ത്

0
97

കോഴിക്കോട്: താമരശേരി ചുങ്കത്ത് വാഹനാപകടത്തില്‍ ഫൈറൂസ് എന്ന യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി യുവാവിന്റെ കുടുംബം. ഫൈറൂസ് ചികിത്സയിലിരിക്കെ സുഹൃത്തിന് ലഭിച്ച ഒരു സന്ദേശം ഉയര്‍ത്തിക്കാട്ടിയാണ് കുടുംബത്തിന്റെ പരാതി. അടുത്ത ലക്ഷ്യം ഫൈറൂസിന്റെ സുഹൃത്ത് ആഷിഖാണെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശമാണ് കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് ആധാരം.

ഫൈറൂസിനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. തങ്ങളോട് കളിച്ചതിനെല്ലാം ഫൈറൂസിനോട് പകരം ചോദിച്ചെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തെത്തിയിരിക്കുന്നത്. ഫൈറൂസ് അടികിട്ടിയിരിക്കുകയാണെന്നും അടുത്തത് ആഷിഖാണെന്നും ശബ്ദ സന്ദേശത്തിലുണ്ട്.

പട്ടാമ്പി സ്വദേശിയില്‍ നിന്നാണ് ഈ സന്ദേശം എത്തിയതെന്നാണ് സൂചന. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ സന്ദേശം ഫൈറൂസിന്റെ സുഹൃത്ത് മിത്‌ലാജിന് ലഭിച്ചത്. ഫൈറൂസിന്റെ സുഹൃത്ത് ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട എതിര്‍പ്പാണ് ക്വട്ടേഷന് പിന്നിലെന്നും കുടുംബം ആരോപിക്കുന്നു. ഈ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.