പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന യുവാവ് രഹസ്യമായി ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പിടിയിലായി

0
103

കൊച്ചി: പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന യുവാവ് രഹസ്യമായി ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പിടിയിലായി.
തൃശൂര്‍ മണ്ണുത്തി സ്വദേശി തറയില്‍ കാരുകുളം വീട്ടില്‍ സെല്‍സന്‍ (28)ആണ് പിടിയിലായത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരില്‍ പഠിക്കുകയായിരുന്ന മണ്ണുത്തി സ്വദേശിയായ പെണ്‍കുട്ടിയെ സെല്‍സന്‍ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വാഴക്കാലയിലെ ഒയോ ലോഡ്ജില്‍വെച്ചാണ് പീഡനം നടന്നത്.

എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ സെല്‍സന്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി മണ്ണുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ പ്രതി സിംഗപ്പൂരിലുള്ള ബന്ധുവിന്റെ സഹായത്തോടെ രാജ്യം വിട്ടെന്ന് വ്യക്തമായി. ഇതോടെ പൊലീസ് പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

കഴിഞ്ഞദിവസം സിംഗപ്പൂരില്‍ നിന്ന് മടങ്ങിയെത്തിയ പ്രതിയെ ചെന്നൈ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ചിട്ടുള്ളതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് തൃക്കാക്കര സി.ഐ ആര്‍.ഷാബുവിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തൃക്കാക്കര എസ്.ഐമാരായ റോയ്.കെ പൊന്നൂസ്, റഫീഖ്.സീനിയര്‍ സി.പി.ഒമാരായ ജാബിര്‍,രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഗര്‍ഭം ധരിച്ച ഇരയുടെ കുട്ടിക്ക് ഇപ്പോള്‍ രണ്ടു വയസുണ്ട്.