Wednesday
17 December 2025
29.8 C
Kerala
HomeIndiaകര്‍ണാടകയില്‍ വീണ്ടും ദുരഭിമാന കൊല;മതം മാറി പ്രണയിച്ച ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുത്തികൊന്നു

കര്‍ണാടകയില്‍ വീണ്ടും ദുരഭിമാന കൊല;മതം മാറി പ്രണയിച്ച ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുത്തികൊന്നു

ബംഗലൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ മതം മാറി പ്രണയിച്ച ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുത്തികൊന്നു. പെണ്‍കുട്ടിയുടെ സഹോദരനടക്കം രണ്ട് പേര്‍ ഇതുവരെ അറസ്റ്റിലായി.  കൊലപാതകത്തിന് പിന്നാലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കൈയ്യേറ്റമുണ്ടായി.സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കലബുര്‍ഗിയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
മുസ്ലീം മതത്തിലെ പെണ്‍കുട്ടിയുമായി ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന 25 കാരന്‍ വിജയ് കാംബ്ലെയാണ് ബുധനാഴ്ച രാത്രി ദാരുണമായി കൊല്ലപ്പെട്ടത്. ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് തിരികെ പോവുകയായിരുന്ന കാംബ്ലെയെ വാഡി പട്ടണത്തിലെ റെയില്‍വേ ട്രാക്കിന് സമീപം വച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടഞ്ഞു. പിന്നാലെയുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുവും ചേര്‍ന്ന് വിജയ് കാംബ്ലെയുടെ കഴുത്തിന് കുത്തി. ഇരുമ്പ് ദണ്ഡ്കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി.. റെയില്‍വേട്രാക്കില്‍ തന്നെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. രാവിലെ ട്രാക്കിന് സമീപത്ത് കൂടെ പോയ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനകൊലയാണെന്ന് വ്യക്തമായത്.പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹത്തിന് തയാറെടുക്കുന്നതിനിടെയാണ് വിജയ് കാംബ്ലെയെ കൊലപ്പെടുത്തിയത്. ബന്ധത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തെ വിജയ് യുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
കൊലപാതകത്തിന് പിന്നാലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കൈയ്യേറ്റമുണ്ടായി, ഇതോടെ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയതോടെ പെണ്‍കുട്ടിയുടെ സഹോദരന്‍ 19 കാരനായ ഷിഹാബുദ്ദീന്‍, ബന്ധു നവാസ് എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റ് ബന്ധുക്കള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഒരു വര്‍ഷത്തിനിടെ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ ദുരഭിമാനകൊലയാണിത്. ആഴ്ചകള്‍ക്ക് മുമ്പാണ് ഹൈദരാബാദില്‍ മുസ്ലീം മതത്തിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്ത നാഗരാജു എന്ന 25 കാരനെ ഭാര്യാവീട്ടുകാര്‍ വെട്ടികൊലപ്പെടുത്തിയത്.
 

RELATED ARTICLES

Most Popular

Recent Comments