ടെക്‌സസിലെ റോബ് എലിമെന്ററി സ്‌കൂളിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ സംസ്കാര ചടങ്ങിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു

0
69

വാഷിങ്ടണ്‍: ടെക്‌സസിലെ റോബ് എലിമെന്ററി സ്‌കൂളിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ സംസ്കാര ചടങ്ങിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു.
വെടിവെപ്പിനിടെ കൊല്ലപ്പെട്ട രണ്ട് അധ്യാപകരില്‍ ഒരാളായ ഇര്‍മ ഗാര്‍സിയയുടെ ഭര്‍ത്താവാണ് മരിച്ചത്. സ്കൂള്‍ കാലം തൊട്ടേ പ്രണയത്തിലായിരുന്ന ഇരുവരും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നെന്നും ഇമയുടെ മരണം ഭര്‍ത്താവിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നെന്നും ബന്ധുക്കള്‍ അഭിപ്രായപ്പെട്ടു. 24 വര്‍ഷത്തിലേറെ ദാമ്ബത്യം തുടരുന്ന ഇവര്‍ക്ക് നാല് കുട്ടികളുണ്ട്.

റോബ് എലിമെന്ററി സ്കൂളിലെ നാലാം ക്ലാസ് അദ്ധ്യാപികയായിരുന്നു ഇര്‍മ ഗാര്‍സിയ. കഴിഞ്ഞ 23 വര്‍ഷത്തോളം അവര്‍ ഈ സ്കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. ഇര്‍മയുടെ മരണത്തെതുടര്‍ന്ന് അനാഥരായ ഗാര്‍സിയ കുടുംബത്തിലെ കുട്ടികള്‍ക്ക് വേണ്ടി ഒരു ഓണ്‍ലൈന്‍ ധനസമാഹരണം ആരംഭിച്ചിട്ടുണ്ടെന്നും നിരവധി ആളുകള്‍ സംഭാവനകള്‍ നല്‍കിയതായും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ടെക്സാസിലെ റോബ് എലമെന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടാകുന്നത്.18 കുട്ടികള്‍ ഉള്‍പ്പടെ 21 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതിയായ 18കാരന്‍ സാല്‍വദോര്‍ റാമോസ് കൊല്ലപ്പെട്ടിരുന്നു. റാമോസ് മുത്തശ്ശിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയതിന് ശേഷമാണ് സ്കൂളിലെത്തിയതെന്ന് ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അറിയിച്ചിരുന്നു.