ധനമന്ത്രിയുടെ പേരിൽ തട്ടിപ്പ്; പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത് നിരവധി പേർക്ക്

0
77

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പേരിൽ തട്ടിപ്പ്. വ്യാജ വാട്‌സപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. പണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കടക്കം നിരവധി പേർക്കാണ് സന്ദേശം അയച്ചിരിക്കുന്നത്.

മന്ത്രി കെ.എൻ ബാലഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വാട്ട്‌സ് ആപ്പ് പ്രൊഫൈൽ ചിത്രമായാണ് മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ചത്. ധനമന്ത്രിയുമായി പരിചയമുള്ളവർക്ക് ഈ പുതിയ നമ്പരിൽ നിന്നാണ് സന്ദേശം എത്തിയത്.

പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചവർ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെ വിവരമറിയിച്ചു. തുടർന്നാണ് തട്ടിപ്പ് വിവരം പുറത്ത് വരുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരിലും സമാന രീതിയിൽ സാമ്പത്തിക തട്ടിപ്പ് നടന്നിരുന്നു.