യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചനിലയില്‍ ; 21-കാരനായ സുഹൃത്ത് പിടിയില്‍

0
109

മുംബൈ: യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചനിലയില്‍ റെയില്‍പാളത്തിനരികില്‍നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെ അറസ്റ്റുചെയ്തു. ദിന്‍ദോഷി നിവാസിയായ സരിക ദാമോദര്‍ ചല്‍ക്കെ (28) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വികാസ് ഖൈര്‍നാറെ (21) ഗോരേഗാവില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
മാഹിമില്‍ റെയില്‍വേ പാളത്തിനരികില്‍നിന്നാണ് ചാക്കിനുള്ളിലാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പാളം പരിശോധിക്കുന്ന റെയില്‍വേജീവനക്കാരാണ് ചാക്കുകെട്ട് കണ്ട് റെയില്‍വേ പോലീസിനെ വിവരമറിയിച്ചത്.
നിരവധി കുത്തേറ്റിരുന്നു. സരികയില്‍നിന്ന് 3000 രൂപ വികാസ് കടംവാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിനിടയാക്കിയത്. കാണാതായവരെക്കുറിച്ചുള്ള പരാതിയില്‍നിന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സരികയെ രണ്ടു ദിവസമായികാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. നിരീക്ഷണക്യാമറയില്‍നിന്ന് പ്രതിയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചു.
ശൗചാലയത്തില്‍ വെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി ഓട്ടോറിക്ഷയില്‍ ഗോരേഗാവ് സ്റ്റേഷനില്‍ കൊണ്ടുവന്നു.
അവിടെനിന്ന് മൃതദേഹം ലോക്കല്‍ ട്രെയിനില്‍ കയറ്റി മാഹിമില്‍ തള്ളുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. സന്തോഷ്നഗറില്‍ വീട്ടുജോലിക്കാരാണ് ഇരുവരും.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ പരിചയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു