വാഹന ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചു കേന്ദ്ര സർക്കാർ

0
99

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച്‌ കേന്ദ്ര ഗാതാഗത മന്ത്രാലയം ഉത്തരവിറക്കി.
1000 സി.സി. വരെയുള്ള കാറുകലുടെ ഇന്‍ഷുറന്‍സ് 2072 രൂപയില്‍ നിന്ന് 2094 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. 1000 സിസി മുതല്‍ 1500 സിസി വരെയുള്ള കാറുകള്‍ക്ക് 3221 രൂപയായിരുന്നത് 3416 രൂപയായി വര്‍ധിപ്പിച്ചു. അതേസമയം, 1500 സി.സിക്ക് മുകളില്‍ ശേഷിയുള്ള വാഹനങ്ങളുടെ പ്രീമിയത്തില്‍ നാമമാത്രമായ കുറവ് വരുത്തി. 7897 രൂപയായിരുന്നത് 7890 ആക്കി. ഏഴ് രൂപയുടെ കുറവ്

പുതുക്കിയ നിരക്കുകള്‍ 2022 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 2019-20 സാമ്ബത്തിക വര്‍ഷത്തിലാണ് ഇതിനു മുന്‍പ് നിരക്കുകള്‍ പുതുക്കിയത്. കോവിഡ്-19 ബാധിച്ച സമയത്ത് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു.

ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 15 ശതമാനത്തിന്റെ ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനം അനുസരിച്ച്‌, 150 സിസിക്ക് മുകളിലുള്ളതും എന്നാല്‍ 350 സിസിയില്‍ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം 2,804 രൂപയും ആയിരിക്കും. മൂന്ന് വര്‍ഷത്തെ സിംഗിള്‍ പ്രീമിയം നിരക്കുകളും വിജ്ഞാപനത്തിലുണ്ട്. 1000 സിസിയില്‍ കൂടാത്ത പുതിയ കാറുകള്‍ക്ക് 6,521 രൂപയും 1000 സിസിക്കും 1500 സിസിക്കും ഇടയിലുള്ള കാറിന് 10,640 രൂപയുമാണ് സിംഗിള്‍ പ്രീമിയം തുക. 1500 സിസിയില്‍ കൂടുതലുള്ള പുതിയ സ്വകാര്യ വാഹനങ്ങള്‍ക്ക് 24,596 രൂപയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് ലഭിക്കും.

75 സിസിയില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ സിംഗിള്‍ പ്രീമിയം തുക 2,901 രൂപയാണ്. 75 സിസി മുതല്‍ 150 സിസി വരെയുള്ളവയ്ക്ക് 3,851 രൂപയാണ്. 150 സിസി മുതല്‍ 350 സിസി വരെയുള്ളവയ്ക്ക് 7,365 രൂപയാണ്. 350 സിസിയില്‍ കൂടുതലുള്ള ഇരുചക്ര വാഹനങ്ങളുടെ അഞ്ച് വര്‍ഷത്തെ സിംഗിള്‍ പ്രീമിയം തുക 15,117 രൂപയാണ്.

ഇലക്‌ട്രിക് വാഹനങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍, 30 കിലോവാട്ടില്‍ താഴെ എന്‍ജിന്‍ പവര്‍ വരുന്ന വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് 5,543 രൂപ സിംഗിള്‍ പ്രീമിയം ആയി അടയ്ക്കാം. 30 കിലോവാട്ടിനും 65 കിലോവാട്ടിനും ഇടയിലുള്ള വാഹനങ്ങള്‍ക്ക് 9,044 രൂപയാണ് പ്രീമിയം തുക. 65 കിലോവാട്ടില്‍ കൂടുതലുള്ള വലിയ ഇലക്ടോണിക് വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് 20,907 രൂപ നല്‍കണം. 3 കിലോവാട്ടില്‍ കൂടാത്ത പുതിയ ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ സിംഗിള്‍ പ്രീമിയത്തിന് കീഴില്‍ 2,466 രൂപയ്ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. മൂന്ന് കിലോവാട്ടിനും ഏഴ് കിലോവാട്ടിനും ഇടയിലുള്ള വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് സിംഗിള്‍ പ്രീമിയം ആയി 3,273 രൂപ അടയ്ക്കാം. ഏഴ് കിലോവാട്ടിനും 16 കിലോവാട്ടിനും ഇടയിലുള്ള വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 6,260 രൂപ നല്‍കണം. 16 കിലോവാട്ടില്‍ കൂടുതല്‍ ശേഷിയുള്ള ഉയര്‍ന്ന പവര്‍ വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 12,849 രൂപയ്ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും.