സര്‍ക്കാരിനെതിരായി ഒന്നും പറഞ്ഞിട്ടില്ല, ആ വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ക്ഷമ ചോദിക്കുന്നു: അതിജീവിത

0
91

തിരുവനന്തപുരം: സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഉറപ്പ് ലഭിച്ചെന്ന് അതിജീവിത. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ താന്‍ പൂര്‍ണമായി വിശ്വസിക്കുന്നുവെന്ന് അതിജീവിത വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തെക്കുറിച്ച് പരാതി ഉന്നയിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അതിജീവിതയുടെ പ്രതികരണം.

കേസന്വേഷണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ആശങ്കകള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അതിജീവിത പറഞ്ഞു. സര്‍ക്കാരിനെതിരെ ഒന്നും പറയാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നിട്ടും അത് അത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. അതിനെല്ലാം താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത വ്യക്തമാക്കി.

തന്റെ ഹര്‍ജിയുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നാണ് അതിജീവിത വ്യക്തമാക്കുന്നത്. എന്തെങ്കിലും ബാഹ്യതാല്‍പര്യങ്ങള്‍ക്ക് വഴങ്ങിയല്ല ഹര്‍ജി നല്‍കിയതെന്ന് അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്. കേസന്വേഷണത്തിന് തനിക്കുള്ള ആശങ്കകളാണ് ആക്രമിക്കപ്പെട്ട നടി പറഞ്ഞത്. മൂന്ന് പേജുള്ള പരാതിയാണ് അതിജീവിത മുഖ്യമന്ത്രിക്ക് കൈമാറിയത്.

കേസന്വേഷണത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അതിജീവിതയോട് പറഞ്ഞുവെന്നാണ് വിവരം. പത്ത് മണിയോടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അതിജീവിത 15 മിനിറ്റ് സമയം മുഖ്യമന്ത്രിയോട് സംസാരിച്ചു. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പമാണ് മുഖ്യമന്ത്രിയെ കാണാന്‍ അതിജീവിതയെത്തിയത്.