നൂറുപേര്‍ക്ക് സൗജന്യ ഹൃദയവാല്‍വ് ശസ്ത്രക്രിയ; ‘ഹൃദ്യം’ സഹായപദ്ധതിക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി

0
73

നൂറുപേര്‍ക്ക് സൗജന്യ ഹൃദയവാല്‍വ് ശസ്ത്രക്രിയ നൽകുന്ന ‘ഹൃദ്യം’ സഹായപദ്ധതികൾക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി. മെക്കാനിക്കൽ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വഴി അർഹരായ നൂറ് പേർക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വളരെ അധികം ചെലവേറിയ ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്‍ഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദ്യം പദ്ധതി വഴി സൗജന്യമായി ലഭ്യമാക്കുന്നത്.

ഹൃദ്യം പദ്ധതിയിൽ വിവിധ ജില്ലകളിലായി നടക്കുന്ന മെഡിക്കൽ ക്യാമ്പുകളിലൂടെ നിർധനരായ രോഗികൾക്ക് രാജഗിരി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവിയും രാജ്യത്തെ പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ. ശിവ്. കെ.നായരുടെ നേതൃത്വത്തിൽ സൗജന്യ ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയും മമ്മൂട്ടിയും സംയുക്തമായി പദ്ധതി ഉദ്ഘാടനം ചെയ്തു.

നിർധനരായ കുഞ്ഞുങ്ങൾക്കുള്ള ഹൃദയശസ്ത്രക്രിയാപദ്ധതിയായ ഹൃദയസ്പർശം, ഗോത്രവർഗ്ഗക്കാർക്കുള്ള വിവിധ പദ്ധതികൾ അടങ്ങിയ പൂർവ്വികം സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള വഴികാട്ടി പദ്ധതി, നിർധനരായ വൃക്ക രോഗികൾക്കായുള്ള സുകൃതം പദ്ധതി, നേത്രരോഗികൾക്കായുള്ള കാഴ്ച പദ്ധതി, നേത്രരോഗികൾക്കായുള്ള കാഴ്ച പദ്ധതി, നിർധനരായ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണ പദ്ധതി ഉൾപ്പെടുന്ന വിദ്യാമൃതം തുടങ്ങി നിരവധി പദ്ധതികൾ കെയർ ആൻഡ് ഷെയറിലൂടെ മമ്മൂട്ടി സമൂഹത്തിന് ലഭ്യമാക്കിയിട്ടുണ്ട്. മമ്മൂട്ടി നേതൃത്വം കൊടുക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പന്ത്രണ്ടാം വാർഷികം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ഹൃദ്യം പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 8590965542 എന്ന നമ്പരിൽ ബന്ധപ്പെടാം.