പുതുച്ചേരിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു

0
114

കോഴിക്കോട്: പോണ്ടിച്ചേരി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശി അരുണിമ പ്രേം (22) ആണ് മരിച്ചത്.

സർവ്വകലാശാലയിൽ ഒന്നാം വർഷ എം എസ് സി വിദ്യാർത്ഥിനിയാണ് അരുണിമ. രാമനാട്ടുകര പുതുപറമ്പത്ത് എം കെ പ്രേമരാജിന്റെയും കെപി ശാലിനിയുടെയും മകളാണ്. പരിക്കേറ്റ അഭിരാമി, വിമൽ വ്യാസ് എന്നീ വിദ്യാർത്ഥികൾ ചികിത്സയിലാണ്. വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബോമ്മയാർ പാളയത്തുവച്ച് ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിമയുടെ ജീവൻ രക്ഷിക്കാനായില്ല. വിമൽ വ്യാസിന്റെ നില ഗുരുതരമാണ്.