വർഗീയ ആക്രമണം നടത്താൻ സംഘപരിവാർ ശ്രമിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും

0
53

സംസ്ഥാനത്തിൽ വര്‍ഗീയ ആക്രമണം നടത്താമെന്നാണ് സംഘപരിവാര്‍ വിചാരിക്കുന്നതെന്നും അതിന് ശ്രമിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഫസ്റ്റ് ഡോസാണ് പിസി ജോര്‍ജിന് നല്‍കിയതെന്നും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വിദ്വെഷ പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ പി.സി. ജോര്‍ജിനെ പിന്തുണയ്ക്കുന്ന ആര്‍.എസ്.എസ് നടപടിക്കെതിരെ വര്‍ഗീയ വിഷം ചീറ്റിയ ആളെ സംരക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇവിടെ ക്രിസ്ത്യാനികളെ സംരക്ഷിക്കാനുള്ള ശ്രമം എന്ന രീതിയിലാണ് ബിജെപി പിസി. ജോര്‍ജിനെ പിന്തുണയ്ക്കുന്നതെന്നും പക്ഷെ നമ്മുടെ രാജ്യത്ത് ക്രിസ്ത്യാനികളെ അടക്കമുള്ള മതന്യൂനപക്ഷങ്ങളെ വേട്ടായാടിയവരാണ് സംഘപരിവാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയ ഒരാള്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ ആ ആള്‍ ക്രിസ്ത്യാനിയാണ് എന്ന കാരണത്താല്‍ അയാളെ സംരക്ഷിക്കന്നതിലൂടെ തങ്ങള്‍ ക്രിസ്ത്യാനികളെയാണ് സംരക്ഷിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ക്രിസ്ത്യാനിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ മാന്യനെ പിന്താങ്ങുന്നത് എന്നുപറഞ്ഞാല്‍ ജനങ്ങളുടെ ധാരണയെ വെല്ലുവിളിക്കലാണ്, നമ്മുടെ രാജ്യത്ത് ആര്‍എസ്എസ്സും സംഘപരിവാറും വേട്ടയാടിയ മതന്യൂനപക്ഷങ്ങളില്‍ ഒന്ന് ക്രിസ്ത്യാനിയാണ്. ആ വേട്ടയാടല്‍ ഇപ്പോഴും തുടരുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുക,’ അദ്ദേഹം പറഞ്ഞു.