ഭർത്താവിനെ കൊലപ്പെടുത്തി; ‘ഹൗ ടു മർഡർ യുവർ ഹസ്ബൻഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവിന് തടവുശിക്ഷ

0
83

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നോവലിസ്റ്റിനു തടവുശിക്ഷ. 71 വയസുകാരിയായ നാൻസി ക്രാംപ്ടൺ-ബ്രോഫിയെയാണ് പോർട്ലൻഡിലെ ഒരു കൗണ്ടി കോടതി തടവിനു വിധിച്ചത്. ‘ഹൗ ടു മർഡർ യുവർ ഹസ്ബൻഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് നാൻസി. 2018ലാണ് 63 വയസുകാരനായ ഡാനിയൽ ബ്രോഫിയുടെ മൃതദേഹം കണ്ടെത്തിയത്. ജോലി സ്ഥലത്തു നിന്ന് ലഭിച്ച മൃതദേഹത്തിൽ വെടിയുണ്ട കൊണ്ടുള്ള രണ്ട് മുറിവുകൾ ഉണ്ടായിരുന്നു. കേസിൽ അന്വേഷണം നടക്കുകയും മൂന്ന് മാസങ്ങൾക്കു ശേഷം നാൻസി അറസ്റ്റിലാവുകയും ചെയ്തു.

അഞ്ച് ആഴ്ചകൾ നീണ്ട വാദത്തിനൊടുവിൽ കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചു. ഇൻഷുറൻസ് പണത്തിനു വേണ്ടിയാണ് നാൻസി ഭർത്താവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, താനല്ല ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് നാൻസി വാദിച്ചു. എന്നാൽ, നാൻസിക്കൊപ്പം വിചാരണത്തടവുകാരിയായി ഉണ്ടായിരുന്ന ആൻഡ്രിയ ജേക്കബ്സിൻ്റെ മൊഴി കേസിൽ വഴിത്തിരിവായി.

ഭർത്താവിനെ കൊലപ്പെടുത്തിയ വിവരം നാൻസി തന്നോട് വിവരിച്ചു എന്ന് ഇവർ കോടതിയെ അറിയിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേസിൽ നിർണായകമായി. ‘ഹൗ ടു മർഡർ യുവർ ഹസ്ബൻഡ്’ എന്ന പുസ്തകത്തിനൊപ്പം ‘ദി റോങ് ലവർ’, ‘ദി റോങ് ഹസ്ബൻഡ്’ എന്നീ പുസ്തകങ്ങളും നാൻസി എഴുതിയിട്ടുണ്ട്.