Tuesday
16 December 2025
26.8 C
Kerala
HomeIndiaകരിപ്പൂരിൽ പിടിയിലായ വിമാന ജീവനക്കാരൻ ആറ് തവണ സ്വർണ്ണം കടത്തിയെന്ന് മൊഴി

കരിപ്പൂരിൽ പിടിയിലായ വിമാന ജീവനക്കാരൻ ആറ് തവണ സ്വർണ്ണം കടത്തിയെന്ന് മൊഴി

മലപ്പുറം: കരിപ്പൂരിൽ പിടിയിലായ വിമാന ജീവനക്കാരൻ ആറ് തവണ സ്വർണ്ണം കടത്തിയെന്ന് മൊഴി. ആറ് തവണയായി 8.5 കിലോ സ്വർണ്ണമാണ് ഇയാള്‍ കടത്തിയത്. കടത്തിയുടെ സ്വർണ്ണത്തിന്‍റെ മൂല്യം ഏതാണ്ട് നാലര കോടിയോളം രൂപ വരും.
എയർ ഇന്ത്യ കാബിൻ ക്രൂ നവനീത് സിംഗ് ഇന്നലെയാണ് സ്വർണ്ണം കടത്തിയതിന് പിടിയിലായത്. ഡൽഹി സ്വദേശിയാണ് നവനീത് സിംഗ്. കസ്റ്റംസാണ് ഇന്നലെ നവനീതിനെ കസ്റ്റഡിയിൽ എടുത്തത്. ഷൂവിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തുന്നതിനിടെ ആണ് ഇയാൾ പിടിയിലായത്. 65 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് ഇയാള്‍ ഷൂവിൽ ഒളിപ്പിച്ചത്. ദുബായിൽ നിന്നാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. ചോദ്യം ചെയ്യലിൽ നിന്നാണ് കൂടുതൽ കാര്യങ്ങൾ പുറത്തു വന്നത്.
അതേസമയം, കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് സംഭവങ്ങളിലായി ഇന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന 658 ഗ്രാം സ്വർണം പിടികൂടി.  വിമാനത്താവളത്തിനുള്ളിലെ ബാത്റൂമിൽ ഉപേക്ഷിച്ച നിലയിലാണ് 268 ഗ്രാം സ്വർണ്ണം കണ്ടെത്തിയത്. കർണാടകയിലെ ഭട്കൽ സ്വദേശി  മുഹമ്മദ് ഡാനിഷിൽ നിന്നുമാണ് ശേഷിച്ച സ്വർണം പിടികൂടിയത്. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

ഒറ്റ ദിവസം കടത്തിയത് കോടികളുടെ സ്വര്‍ണ്ണം
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു ദിവസം രണ്ട് തവണയാണ് സ്വര്‍ണ്ണം പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയും വന്‍ സ്വര്‍ണ്ണവേട്ട നടന്നിരുന്നു. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ വരുന്ന സ്വര്‍ണ്ണ മിശ്രിതം പൊലീസ് പിടികൂടിയിരുന്നു. ബഹ്റിനില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍  എത്തിയ  ബാലുശ്ശേരി സ്വദേശി അബ്ദു സലാമില്‍ നിന്നാണ്  പൊലീസ് ഒന്നരക്കോടി വില വരുന്ന സ്വര്‍ണ്ണ മിശ്രിതം കണ്ടെടുത്തത്.

മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയിൽ കെട്ടിവച്ചും മൂന്ന് സ്വർണ്ണ ഉരുളകൾ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് കടത്തിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സ്വര്‍ണ്ണം തൊണ്ടയാട് എത്തിക്കാനായിരുന്നു നിര്‍ദ്ദശമെന്നാണ് അബ്ദു സലാം പൊലീസിന് നല്‍കിയ മൊഴി. ടാക്സി വിളിച്ച് തൊണ്ടയാടെത്താനാണ് നിര്‍ദ്ദശം ലഭിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments