പത്ത് വർഷം ജയിൽവാസത്തിലേക്ക്; കിരൺ കുമാറിനെ പൂജപ്പുരയിലേക്ക് മാറ്റി

0
62

തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു. കേസിൽ ഇന്നലെ വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് പ്രതിയെ ജയിലിലേക്ക് മാറ്റിയത്. കൊല്ലം ജില്ലാ അഡീഷണൽ കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ബുധനാഴ്ച രാവിലെ 11 മണിയോട് കൂടിയാണ് പൂജപ്പുര ജയിലിലേക്ക് കിരണിനെ എത്തിച്ചത്.

ഇതേസമയം എന്തെങ്കിലും പറയാനുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രതി പ്രതികരിക്കാൻ തയ്യാറായില്ല. കഴിഞ്ഞ ദിവസവും കോടതിയിൽ താൻ നിരപരാധിയാണെന്ന് അറിയിച്ച പ്രതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.

വിസ്മയയുടെ ആത്മഹത്യ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ പത്ത് വർഷം തടവും പന്ത്രണ്ടര ലക്ഷം രൂപയും കോടതി ശിക്ഷ വിധിച്ചിരുന്നു. അവസാന നിമിഷം വരെ കോടതിയുടെ അനുകമ്പ തേടുന്ന പ്രതികരണങ്ങളായിരുന്നു പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. വിധിക്കെതിരെ അപ്പീൽ പോകുമെന്നാണ് പ്രതിഭാഗത്തിന്റ നിലപാട്.