നിധി കിട്ടിയതാണെന്ന് പറഞ്ഞ് വ്യാജസ്വര്‍ണം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയില്‍

0
114

കൊഴിഞ്ഞാമ്പാറ: വ്യാജസ്വര്‍ണം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. തൃശ്ശൂര്‍ ചിയ്യാരം മംഗളംകോളനി പയ്യപ്പിള്ളിവീട്ടില്‍ ആര്‍. റൂബിന്‍ റാഫേലിനെയാണ് (37) കൊഴിഞ്ഞാമ്പാറ പോലീസ് ചെന്നൈയില്‍നിന്ന് പിടികൂടിയത്. 2020 ജൂണ്‍ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. നിധികിട്ടിയതാണെന്ന് വിശ്വസിപ്പിച്ച് നെന്മാറ സ്വദേശി ഉണ്ണിക്കൃഷ്ണന് വ്യാജസ്വര്‍ണം നല്‍കി 16 ലക്ഷംരൂപ തട്ടിയെടുത്തെന്നാണ് കേസ്.
തമിഴ്‌നാട്ടിലെ രണ്ടുപേര്‍ക്ക് നിധി കിട്ടിയിട്ടുണ്ടെന്നും അതില്‍ 360 ഗ്രാം സ്വര്‍ണം 16 ലക്ഷം രൂപയ്ക്ക് നല്‍കാമെന്നും പറഞ്ഞ് ഉണ്ണിക്കൃഷ്ണനെ കൊഴിഞ്ഞാമ്പാറ ആര്‍.വി. പുതൂരില്‍ വിളിച്ചുവരുത്തുകയും പരിശോധനയ്ക്കായി നല്ലസ്വര്‍ണം നല്‍കിയശേഷം പിന്നീട് മുക്കുപണ്ടം നല്‍കിയെന്നുമാണ് കേസ്.
പത്തുമാസംമുമ്പ് തൃശ്ശൂര്‍ സ്വദേശികളായ സുനില്‍, സഞ്ജീവന്‍ എന്നിവര്‍ ഇതേ കേസില്‍ അറസ്റ്റിലായിരുന്നു. നവംബര്‍ 29-ന് തമിഴ്‌നാട് ആനമല സേത്തുമട റോഡില്‍ അബ്ബാസിനെയും പിന്നീട് രാജ എന്ന കറുപ്പസ്വാമിയെയും (37) പൊള്ളാച്ചി ആനമല വി. കൃഷ്ണമൂര്‍ത്തിയെയും (53) ഈ കേസില്‍ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്നുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍നടത്തിയ അന്വേഷണത്തിലാണ് റൂബിന്‍ പിടിയിലായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായെന്ന് പോലീസ് പറഞ്ഞു.
ചിറ്റൂര്‍ ഡിവൈ.എസ്.പി. എം. സുന്ദരത്തിന്റെ നേതൃത്വത്തില്‍ കൊഴിഞ്ഞാമ്പാറ പോലീസ് ഇന്‍സ്‌പെക്ടര്‍ എം. ശശിധരന്‍, എസ്.ഐ. വി. ജയപ്രസാദ്, എ.എസ്.ഐ. അനില്‍കുമാര്‍, സീനിയര്‍ സിവില്‍പോലീസ് ഓഫീസന്‍ ആര്‍. വിനോദ് കുമാര്‍ എന്നിവര്‍ അന്വേഷണംനടത്തി. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ റൂബിനെ റിമാന്‍ഡ് ചെയ്ത് ചിറ്റൂര്‍ സബ് ജയിലിലേക്ക് മാറ്റി.