തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സഖാവ് ഡോ: ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരണം

0
80

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സഖാവ് ഡോ: ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരണം കോണ്‍ഗ്രസ് കാലാകാലങ്ങളായി പയറ്റി തെളിഞ്ഞ നെറികെട്ട രാഷ്ട്രീയത്തിന്റെ സ്വതസിദ്ധമായ തിരഞ്ഞെടുപ്പ് പ്രചാരണ വേലകളില്‍ ഒന്ന് മാത്രമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
തോല്‍വി തിരിച്ചറിഞ്ഞ കോണ്ഗ്രസ് പാര്‍ട്ടി തങ്ങളുടെ സൈബര്‍ ക്രിമിനല്‍ സംഘത്തെയാണ് LDF സ്ഥാനാര്‍ഥിക്കെതിരായ സ്വഭാവ ഹത്യയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ആരുടെയോ അശ്ലീല വീഡിയോ ഉപയോഗിച്ച് ഒരു തിരഞ്ഞെടുപ്പ് മുറ്റത്ത് എതിര്‍ സ്ഥാനാര്‍ത്ഥിയെ നേരിടാനൊരുങ്ങുന്ന UDF – ന്റെ അവസ്ഥയോര്‍ത്ത് വിമര്‍ശകര്‍ക്ക് പോലും ലജ്ജ തോന്നേണ്ടതാണ്. നിര്‍മ്മിത കള്ളങ്ങള്‍ക്ക് ആവോളം ചാനല്‍ മുറികള്‍ നല്‍കി സഹായിക്കുന്ന വലതു പക്ഷ മാധ്യമങ്ങള്‍ യു.ഡി.എഫിന്റെ ഈ നീചമായ അശ്ലീല പ്രചരണം കണ്ടില്ലെന്ന് നടിച്ചു തങ്ങളുടെ ഇടത് വിരുദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് കാലത്ത് സ്വന്തം വീടാക്രമിക്കുകയും കള്ള കഥകള്‍ മെനഞ്ഞു ആശുപത്രി വാസവുമനുഷ്ടിക്കുകയുമൊക്കെ ചെയ്ത് ശീലിച്ച കോണ്ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ മര്യാദയുടേയും രാഷ്ട്രീയ നൈതികതയുടേയും സകല സീമകളും ലംഘിച്ചു കൊണ്ടുള്ള പ്രചാരണത്തിലാണ് കടന്നിരിക്കുന്നത്. ഈ അപവാദ പ്രചരണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്സ് സൈബര്‍ സംഘത്തിനെതിരെ ഇടതു മുന്നണി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ആശയങ്ങളും രാഷ്ട്രീയവും ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പ് വേദിയില്‍ ഇത്രയും അധമവും ഹീനവുമായ വ്യക്തി ഹത്യാ പ്രചരണം നടത്തുന്ന യു. ഡി. എഫ് മുന്നണി ആശയം നഷ്ടപ്പെട്ട് തോല്‍വി ഭയക്കുന്ന ക്രിമിനല്‍ കൂട്ടം മാത്രമായി അധഃപതിച്ചിരിക്കുകയാണ്. തൃക്കാക്കരയിലെ പ്രബുദ്ധ ജനങ്ങള്‍ ബാലറ്റു പേപ്പറിലൂടെ ഈ നെറികേടിന് മറുപടി നല്‍കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.