Wednesday
17 December 2025
26.8 C
Kerala
HomeKeralaപി സി ജോര്‍ജ് കസ്റ്റഡിയില്‍

പി സി ജോര്‍ജ് കസ്റ്റഡിയില്‍

അനന്തപുരി വിദ്വേഷ പ്രസംഗക്കേസില്‍ പിസി ജോര്‍ജ് കസ്റ്റഡിയില്‍. പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ പിസിയെ നിലവില്‍ എറണാകുളം എആര്‍ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരത്തുനിന്ന് കൂടുതല്‍ പൊലീസ് എത്തിയതിനു ശേഷമാവും അറസ്റ്റ് രേഖപ്പെടുത്തുക. രാത്രിയില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതാവും കൂടുതല്‍ സുരക്ഷിതമെന്നാണ് കണക്കുകൂട്ടല്‍.
വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യിലിനായി പി.സി.ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായിരുന്നു. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി.സി.ജോര്‍ജെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയതോടെ പൊലീസ് അറസ്റ്റ് ചെയ്യും. പി.സി.ജോര്‍ജിനെ പിന്തുണച്ച് ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും പാലാരിവട്ടത്ത് ഒത്തുകൂടിയത് സംഘര്‍ഷ സാധ്യത സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് പിഡിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.
അനന്തപുരി വിദ്വേഷ പ്രസംഗക്കേസില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതി പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.
ഈ മാസം ഒന്നാം തീയതിയാണ് പി.സി.ജോര്‍ജിനു കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് ദുര്‍ബലമായ റിപ്പോര്‍ട്ട് സമര്‍പിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിക്കുന്നതെന്നു ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ആശ കോശിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ആയതിനാല്‍ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന്റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരവും ഉപയോഗിച്ചാണ് ജാമ്യം അനുവദിച്ചത്. ഇതേതുടര്‍ന്നാണ്, സര്‍ക്കാര്‍ ജാമ്യം റദ്ദാക്കാന്‍ വീണ്ടും കോടതിയെ സമീപിച്ചത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോര്‍ജിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ പൊലീസിനു പരാതി നല്‍കി. തുടര്‍ന്ന് പി.സി.ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വസതിയില്‍നിന്ന് നന്ദാവനം എആര്‍ ക്യാംപില്‍ കൊണ്ടുവന്നശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments